അഖിലേന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസുകൾക്ക് പ്രവേശന നികുതി ഈടാക്കില്ലെന്ന് കേരളവും തമിഴ്നാടും
Tuesday, November 21, 2023 6:03 PM IST
ന്യൂഡൽഹി: അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള ബസുകളിൽ നിന്നും പ്രവേശന നികുതി ഈടാക്കില്ലെന്ന് കേരളവും തമിഴ്നാടും സുപ്രീംകോടതിയിൽ.
നേരത്തെ, സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക പ്രവേശന നികുതി പിരിക്കുന്നതിനെതിരെ വിവിധ സ്വകാര്യ ബസ് ഉടമകള്‍ നല്കിയ ഹര്‍ജികളില്‍ നികുതി പിരിക്കുന്നത് തടഞ്ഞുകൊണ്ട് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്‍ക്കെ കേരളവും, തമിഴ്നാടും പ്രവേശന നികുതി ഈടാക്കുന്നുവെന്ന് ബസുടമകൾ സുപ്രീംകോടതിയെ അറിയിച്ചു. പാതിരാത്രിയും പുലര്‍ച്ചെയും പോലും വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി നികുതി പിരിക്കുന്നുവെന്നും യാത്രക്കാര്‍ക്ക് ഉള്‍പ്പടെ ഇതില്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്നും ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചു.
നികുതി പിരിക്കുന്നവര്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നടപടി സ്വീകരിക്കണമെന്ന് സ്വകാര്യ വാഹന ഉടമകള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് എസ്.മുരളീധര്‍ ആവശ്യപ്പെട്ടു.
സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയെന്നും നികുതി ഇനി മുതല്‍ ഈടാക്കില്ലെന്നും തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
തമിഴ്നാട് സര്‍ക്കാര്‍ നികുതി പിരിക്കില്ലെന്ന് അറിയിച്ച സാഹചര്യത്തത്തില്‍ കേരളത്തെ കൂടി നികുതി പിരിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് ബസ് ഉടമകള്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.
തുടര്‍ന്നാണ് കേരളത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ജയന്ത് മുത്തുരാജും, സ്റ്റാന്‍ഡിംഗ് കോണ്‍സലും കേരളവും സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കുമെന്ന് വ്യക്തമാക്കിയത്.