ലഷ്കർ ഇ തോയിബയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ഇസ്രയേൽ
Tuesday, November 21, 2023 4:56 PM IST
ടെൽ അവീവ്: പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കർ ഇ തോയിബയെ (എൽഇടി) ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഇസ്രയേൽ. മുംബൈ ഭീകരാക്രമണത്തിന്റെ 15–ാം വാർഷികം ഈയാഴ്ച ആചരിക്കാനിരിക്കെയാണ് ഇസ്രയേലിന്റെ നടപടി.
ഇന്ത്യൻ സർക്കാർ അഭ്യർഥിച്ചില്ലെങ്കിലും ഇസ്രയേൽ ഭരണകൂടം ആവശ്യമായ എല്ലാ നടപടിക്രമങ്ങളും ഔദ്യോഗികമായി പൂർത്തിയാക്കുകയും ലഷ്കറിനെ നിയമവിരുദ്ധ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.– ഇസ്രയേൽ എംബസി പ്രസ്താവനയിൽ പറഞ്ഞു.
‘‘നൂറുകണക്കിന് ഇന്ത്യൻ പൗരന്മാരുടെയും മറ്റുള്ളവരുടെയും മരണത്തിന് ഉത്തരവാദികളായ മാരകവും നിന്ദ്യവുമായ ഒരു ഭീകരസംഘടനയാണ് ലഷ്കർ. 2008 നവംബർ 26ലെ ഹീനമായ പ്രവർത്തനങ്ങൾ ഇപ്പോഴും സമാധാനം ആഗ്രഹിക്കുന്ന എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലും ശക്തമായി പ്രതിധ്വനിക്കുന്നു.’’– പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
2008 നവംബർ 26-നാണ് മുംബൈ ഭീകരാക്രമണം നടന്നത്. ഏറ്റുമുട്ടൽ മൂന്നു ദിവസത്തോളം നീണ്ടുനിന്നു. ആഗോളതലത്തിൽ വ്യാപകമായ അപലപിക്കപ്പെട്ട ആക്രമണത്തിൽ നിരവധി വിദേശ പൗരന്മാർ ഉൾപ്പെടെ 166 പേർ മരിക്കുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.