സ്ഥിരം പ്രശ്നക്കാരൻ; ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനിടെ ഗ്രൗണ്ടിലിറങ്ങിയ ആളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്
Tuesday, November 21, 2023 2:32 AM IST
അഹമ്മദാബാദ്: ഞായറാഴ്ച ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനലിനിടെ ഗ്രൗണ്ടിലിറങ്ങിയ ആളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഗുജറാത്ത് പോലീസ്.
ഓസ്ട്രേലിയന്‍ പൗരനായ ഇയാളുടെ പേര് വാന്‍ ജോണ്സണ് എന്നാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഞായറാഴ്ച അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഒരുക്കിയ കനത്ത സുരക്ഷാ സന്നാഹങ്ങള്‍ മറികടന്നായിരുന്നു വാന്‍ ജോണ്സണ് ഗ്രൗണ്ടിലിറങ്ങിയത്.
പലസ്തീന് അനുകൂല മുദ്രാവാക്യങ്ങളെഴുതിയ ടീ ഷര്‍ട്ട് ധരിച്ച ഇയാള്‍ ക്രീസിലുണ്ടായിരുന്ന വിരാട് കോലിയെ കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നു. ഇയാളുടെ അറസ്റ്റ് പോലീസ് തിങ്കളാഴ്ച രേഖപ്പെടുത്തി.
അന്വേഷണം അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. തന്റെ പേര് ജോണ്‍ എന്നാണെന്നും ഓസ്ട്രേലിയന്‍ പൗരനാണെന്നും പിടികൂടിയതിന് പിന്നാലെ ഇയാള്‍ പറഞ്ഞിരുന്നെങ്കിലും പോലീസ് ഇത് പൂർണമായും വിശ്വാസത്തിലെടുത്തിരുന്നില്ല.
"ഓസ്ട്രേലിയൻ പൗരനായ ഇയാളുടെ പേര് വാൻ ജോൺസൺ എന്നാണ്. ഇയാളുടെ അമ്മ ഇന്ഡോനേഷ്യക്കാരിയും പിതാവ് ചൈനക്കാരനുമാണ്. മുമ്പും പലതവണ ഇയാള്‍ വിവിധ മത്സരവേദികളിലേക്ക് അതിക്രമിച്ചു കയറിയിട്ടുണ്ട്. 2020-ല്‍ ഒരു റഗ്ബി മത്സരത്തിലേക്ക് അതിക്രമിച്ചു കയറിയതിന് ഇയാളില്‍ നിന്ന് 200 യുഎസ് ഡോളറിലധികം പിഴ ഈടാക്കിയിട്ടുണ്ട്. 2023ല്‍ ഒരു വനിതാ മത്സരത്തിനിടെ അതിക്രമിച്ചു കയറിയതിന് 500 യുഎസ് ഡോളറാണ് പിഴ ഈടാക്കിയത്' ഗുജറാത്ത് ജോയിന്റ് കമ്മീഷണര്‍ ഓഫ് ക്രൈംബ്രാഞ്ച് (ജെസിപി) നീരജ് കുമാര്‍ ബദ്ഗുജര്‍ പറഞ്ഞു. പ്രശസ്തനാകാൻ വേണ്ടിയാണ് ഇന്നലെ വാൻ ജോൺസൺ കളത്തിലിറങ്ങിയതെന്നും നീരജ് കുമാർ വ്യക്തമാക്കി.
നീല ജഴ്സിയണിഞ്ഞ് ഇന്ത്യന്‍ ആരാധകനെന്ന വ്യാജേനയാണ് ഗേറ്റ് നമ്പര്‍ ഒന്നിലൂടെ വാന്‍ ജോണ്സണ് സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചത്. 6.5 അടി പൊക്കത്തിലുള്ള മുള്ളുവേലി ചാടികടന്നാണ് ഇയാള്‍ ഗ്രൗണ്ടിലെത്തിയതെന്നും പോലീസ് പറഞ്ഞു.
ഇയാളുടെ കൈകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഒരു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്ന് വൈകുന്നേരം വീണ്ടും കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.