ചുമർ കുത്തിത്തുരന്ന് ജ്വല്ലറിയിൽ കവർച്ച
Monday, November 20, 2023 4:38 PM IST
തൃശൂർ: കൈപ്പമംഗലം മൂന്നുപീടികയിൽ ജ്വല്ലറിയിൽ ചുമർ കുത്തിത്തുരന്ന് കവർച്ച. സെന്ററിൽ പ്രവർത്തിക്കുന്ന ഐഡിയ ജ്വല്ലറിയിലാണ് കവർച്ച നടന്നത്. ഏകദേശം 16,000 രൂപ വിലവരുന്ന 200 ഗ്രാം വെള്ളി ആഭരണങ്ങൾ മോഷണം പോയി.
ഇന്നു രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് കവർച്ച അറിയുന്നത്. കടയുടെ പിൻഭാഗത്തെ ചുമർ കുത്തിത്തുരന്ന് അകത്ത് കയറിയാണ് കവർച്ച. സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന ഭൂഗർഭ അറ മോഷ്ടാക്കൾക്കു തുറക്കാൻ സാധിക്കാത്തതിനാൽ വലിയനഷ്ടം സംഭവിച്ചില്ല.
കൈപ്പമംഗലം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിലായി ഈ മേഖലയിൽ കവർച്ച തുടർച്ചയായി നടക്കുകയാണ്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലുമടക്കം മോഷണം പതിവാണ്.