മുഖ്യമന്ത്രി രാജാപ്പാർട്ട് കെട്ടി ഇരിക്കുന്നു, ഒരു പരാതിയും നേരിട്ട് വാങ്ങുന്നില്ല: ചെന്നിത്തല
Monday, November 20, 2023 11:43 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നവകേരള സദസിനെതിരേ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ടുപിടിക്കാനുള്ള ഒരു രാഷ്ട്രീയ തന്ത്രം മാത്രമാണിതെന്നും ഇവിടെ ഒരു വ്യക്തിയുടെ കൈയിൽ നിന്നും അപേക്ഷ മുഖ്യമന്ത്രി വാങ്ങിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിമാർ ഒരപേക്ഷയും പരിശോധിക്കുന്നില്ല. ഉദ്യോഗസ്ഥർ ബൂത്തുകളിലിരുന്ന് അപേക്ഷകൾ വാങ്ങിക്കുകയാണ് ചെയ്യുന്നത്. ഇത് ഒരു പാഴ്വേലയല്ലെങ്കിൽ മറ്റെന്താണ്. കേരളത്തിന്റെ ചരിത്രത്തിൽ ഒരിക്കലും ഇത്തരമൊരു നടപടി ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
ആദ്യമായി ജില്ലകളിൽ ബഹുജന സമ്പർക്ക പരിപാടി നടത്തിയത് കെ. കരുണാകരനാണ്. അതുകഴിഞ്ഞ് ഉമ്മൻ ചാണ്ടി ജനസമ്പർക്ക പരിപാടി നടത്തി. അന്ന് ജനങ്ങളുടെ പരാതികൾ നേരിട്ടുവാങ്ങി പരിഹരിക്കുമായിരുന്നു. ഇന്ന് ഒരു പരാതിയും മുഖ്യമന്ത്രി നേരിട്ടു വാങ്ങുന്നില്ല. ആരോടും സംസാരിക്കുന്നില്ല. അദ്ദേഹം രാജാപ്പാർട്ട് കെട്ടി അവിടെ ഇരിക്കുന്നു. മന്ത്രിമാർ ദാസന്മാരായി തൊട്ടടുത്ത് നില്ക്കുകയാണെന്നും ചെന്നിത്തല പരിഹസിച്ചു.
മുഖ്യമന്ത്രിയുടെ പ്രസംഗം തന്നെ രാഷ്ട്രീയപ്രസംഗമാണ്. പ്രതിപക്ഷത്തെ ആക്രമിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ദൗത്യം. ജനങ്ങൾ അനുഭവിക്കുന്ന വിലക്കയറ്റത്തെപ്പറ്റിയോ തൊഴിലില്ലായ്മയെപ്പറ്റിയോ സാമ്പത്തിക തകർച്ചയെപ്പറ്റിയോ പെൻഷൻ കിട്ടാത്ത നടപടികളെപ്പറ്റിയോ കർഷക ആത്മഹത്യയെപ്പറ്റിയോ ഒന്നും അദ്ദേഹം പറയുന്നില്ലെന്നും ഇത് തെരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാനുള്ള ഒരു തന്ത്രം മാത്രമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ഒരു പരാതിയിലും പരിഹാരമുണ്ടാകുന്നില്ല. ഉദ്യോഗസ്ഥന്മാർ നോക്കി പരിഹരിക്കാനാണെങ്കിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഇത്രയും കഷ്ടപ്പെട്ട് പോകേണ്ട കാര്യമുണ്ടോ. എന്തിനാണ് കോടികൾ മുടക്കി ഈ ധൂർത്ത്.
ആകെ 3,000 കിലോമീറ്ററാണ് 21 മന്ത്രിമാരും മുഖ്യമന്ത്രിയും സന്ദർശിക്കുന്നത്. മൊത്തം 12,60,000 മാത്രമാണ് കാറിൽ സഞ്ചരിച്ചാൽ വരുന്ന ചിലവ്. 1.05 കോടി രൂപ മുടക്കിയാണ് ബസ്. ബസിനു പിന്നാലെ 45 വാഹനങ്ങളുണ്ട്. ഇത് ധൂർത്തല്ലെങ്കിൽ പിന്നെ എന്താണ്. ഇത് പാർട്ടി മേള മാത്രമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.