നമ്പർ 21: ഓസ്ട്രേലിയന്‍ ക്രിക്കറ്റിന് ഇത് 21-ാം ലോകകിരീടം
Monday, November 20, 2023 1:25 AM IST
അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയന്‍ പുരുഷ ടീം ഓസ്ട്രേലിയൻ ക്രിക്കറ്റിന് നേടിക്കൊടുത്തത് 21-ാം ലോകകിരീടം.
ഏകദിന ലോകകപ്പില്‍ പുരുഷവിഭാഗത്തില്‍ ആറാം ലോകകിരീടമാണ് ടീം ഓസ്ട്രേലിയ ഇപ്പോള്‍ നേടിയിരിക്കുന്നത്. 1987,1999,2003,2007,2015 വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് ഓസ്ട്രേലിയന്‍ പുരുഷടീം കിരീടം നേടിയിട്ടുള്ളത്.
1978,1982,1988,1997,2005,2013,2022 എന്നീ വര്‍ഷങ്ങളിലായി ഏഴു തവണ ഏകദിന ലോകകപ്പ് ഉയര്‍ത്തിയ ഓസ്ട്രേലിയന്‍ വനിതാ ടീം ഇക്കാര്യത്തില്‍ ഒരുപടി മുമ്പിലാണ്.
പുരുഷ ടീം 2021ല്‍ ട്വന്റി20യില്‍ ആദ്യമായി ലോകകിരീടം ചൂടിയപ്പോള്‍ 2010,2012,2014,2018,2020,2023 എന്നീ വര്‍ഷങ്ങളിലായി ആറു തവണ ട്വന്റി20 ലോകകിരീടം നേടിയ ഓസീസ് വനിതകള്‍ ഇക്കാര്യത്തിൽ പുരുഷന്മാരേക്കാള് ബഹുദൂരം മുമ്പിലാണ്.
2021-23 സീസണിലെ ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഓസ്ട്രേലിയയ്ക്കായിരുന്നു കിരീടം. ഫൈനലില്‍ ഇന്ത്യയെത്തന്നെയായിരുന്നു തോല്‍പ്പിച്ചത്. അന്ന് കളിയിലെ താരമായി തെരഞ്ഞെടുത്ത ട്രവിസ് ഹെഡ് തന്നെയാണ് ഏകദിന ലോകകപ്പ് ഫൈനലിലും കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് എന്നത് അപൂര്‍വതയായി.
ചുരുക്കിപ്പറഞ്ഞാല്‍ ലോകചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലുകളില്‍ ഒരിക്കല്‍പ്പോലും ഓസ്ട്രേലിയയെ തോല്‍പ്പിക്കാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞിട്ടില്ല. 2003ലെ ഏകദിന ലോകകപ്പിലെ തോല്‍വിക്ക് കണക്കുതീര്‍ക്കാമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന ഇന്ത്യന്‍ ആരാധകരുടെ മനസ്സിലെ മുറിവിന്റെ ആഴം കൂട്ടിയാണ് ഓസ്ട്രേലിയ വീണ്ടും ലോകകപ്പ് ഉയര്‍ത്തിയിരിക്കുന്നത്.
മൂന്ന് ഫൈനലുകളിലെ തോല്‍വിക്ക് കണക്കു ചോദിക്കാന്‍ ഇനി അടുത്ത ട്വന്റി20 ലോകകപ്പ് വരെ കാത്തിരിക്കേണ്ട അവസ്ഥയിലാണ് ഓരോ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകനും.