അരീക്കോട്ടെ 36കാരന്റെ മരണത്തിൽ ദുരൂഹത: മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും
വെബ് ഡെസ്ക്
Monday, November 20, 2023 12:28 AM IST
മലപ്പുറം: അരീക്കോട്ട് യുവാവിന്റെ മരണം ദുരൂഹ സാഹചര്യത്തിലാണെന്ന് ആരോപണമുയർന്നതിന് പിന്നാലെ മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുത്ത് പരിശോധന നടത്താൻ പോലീസ്. അരീക്കോട് സ്വദേശി പുളിക്കയില്‍ തോമസിന്റെ (36) മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കൾ രംഗത്തെത്തിയത്.
നവംബർ നാലിന് പുലർച്ചെ ആറോടെ തോമസിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ സുഹൃത്തുക്കളുടെ മർദനമേറ്റാണ് മരണമെന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുകയും ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകുകയുമായിരുന്നു.
തോമസ് മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സുഹൃത്തുക്കളുമായി അടിപിടിയുണ്ടായിരുന്നുവെന്നും പരിക്കേറ്റ തോമസ് ചികിത്സ തേടിയെന്നും പരാതിയിൽ പറയുന്നു. മർദനത്തിനിടെ അടിയേറ്റ പാടുകളും തോമസിന്റെ ശരീരത്തുണ്ടായിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു.
മർദനത്തിനിടെയുണ്ടായ ക്ഷതമാണ് മരണകാരണമെന്നും ഇവർ സംശയിക്കുന്നു. തിങ്കളാഴ്ച രാവിലെ 11ന് കല്ലറയിൽ നിന്നും മൃതദേഹം പുറത്തെടുത്ത് പരിശോധനകൾ ആരംഭിക്കും.