മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമാണ് മ്യൂസിയത്തില്‍ വയ്ക്കേണ്ടത്: ചെന്നിത്തല
Sunday, November 19, 2023 1:47 PM IST
തിരുവനന്തപുരം: നവകേരള സദസിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നവകേരള യാത്ര വന്‍ പരാജയമാണെന്ന് ചെന്നിത്തല പ്രതികരിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും തലപ്പാവ് ധരിച്ച് പഴയകാല രാജഭരണ കാലത്തെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ജനങ്ങളുടെ മുന്പില് പ്രത്യക്ഷപ്പെട്ട് രാഷ്ട്രീയ പ്രസംഗം നടത്തുന്നതല്ലാതെ ജനങ്ങളുടെ ആവലാതികളോ പ്രശ്നങ്ങളോ പരിഹിക്കുന്നില്ല.
ഉമ്മന്‍ ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടി പിണറായി വിജയന് കണ്ടുപഠിക്കുമെന്നാണ് കരുതിയത്. മുഖ്യമന്ത്രിയുടെ കൈയില്‍ ഒരു നിവേദനം കൊടുക്കാന്‍ പോലും ആര്‍ക്കും കഴിയുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഇത് കേവലം തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി മാത്രമാണ്. ഇതുകൊണ്ട് ജനങ്ങള്‍ക്കോ കേരളത്തിനോ ഒരു പ്രയോജനവും ഉണ്ടാകുന്നില്ല.
സര്‍ക്കാര്‍ പരിപാടിയില്‍ ഒരിക്കലും രാഷ്ട്രീയം പറയാറില്ല. ഇവിടെ രാഷ്ട്രീയമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ആക്ഷേപിക്കുക, വിമര്‍ശിക്കുക എന്നതാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചെയ്തുകൊണ്ടിരിക്കുന്നത്.
പരിപാടിയില്‍ ആള് കൂടുന്നുവെന്ന് പറയുന്നത് സര്‍ക്കാര്‍ നിര്‍ബന്ധിച്ച് കൊണ്ടുവരുന്ന ആളുകളാണെന്നും ചെന്നിത്തല പറഞ്ഞു. നവകേരള ബസല്ല, മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമാണ് മ്യൂസിയത്തില്‍ വയ്ക്കേണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.