നവകേരള സദസുമായി സഹകരിക്കില്ല, എന്‍.എ.അബൂബക്കര്‍ പാര്‍ട്ടി ഭാരവാഹിയല്ലെന്ന് ലീഗ്
Sunday, November 19, 2023 12:39 PM IST
മലപ്പുറം: നവകേരള സദസിന്റെ കാസര്‍ഗോട്ടെ പ്രഭാതയോഗത്തില്‍ പങ്കെടുത്ത എന്‍.എ.അബൂബക്കര്‍ പാര്‍ട്ടി ഭാരവാഹിയല്ലെന്ന് മുസ്ലീം ലീഗ്. അബൂബക്കറിന് പാര്‍ട്ടിയില്‍ ഔദ്യോഗിക ഭാരവാഹിത്വം ഇല്ലെന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിഷയത്തില്‍ യുഡിഎഫ് വ്യക്തമായ തീരുമാനം എടുത്തതാണെന്നും നവകേരള സദസുമായി ലീഗ് സഹകരിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ട ആരും നവകേരള സദസിന് പോകില്ലെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. പരിപാടിയുമായി സഹകരിക്കരുതെന്ന് തങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മുസ്ലീം ലീഗ് നേതാക്കള്‍ പാണക്കാട് അടിയന്തര യോഗം ചേരുകയാണ്. സാദിഖലി ശിഹാബ് തങ്ങള്‍ , പി.കെ.കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്
ലീഗ് നേതാവ് നവകേരള സദസില്‍ പങ്കെടുത്തതും കേരള ബാങ്ക് ഡയറക്ടര്‍ വിഷയവും യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.