വടക്കൻ ഗാസയിൽ വാർത്താവിനിമയ ബന്ധം ഭാഗികമായി പുനഃസ്ഥാപിച്ചു; ഇന്ധനവുമായി ട്രക്കുകൾ എത്തിത്തുടങ്ങി
Sunday, November 19, 2023 7:08 AM IST
ഗാസാസിറ്റി: ഇന്ധന ദൗർലഭ്യം മൂലം രണ്ടു ദിവസമായി ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന വടക്കൻ ഗാസയിൽ ഇന്ധനമെത്തിത്തുടങ്ങി. ഇതോടെ വാർത്താവിനിമയ ബന്ധം ഭാഗികമായി പുനഃസ്ഥാപിക്കുകയും ചെയ്തു.
വെള്ളിയാഴ്ച ഈജിപ്ത് അതിര്‍ത്തിയായ റാഫ വഴി ഇന്ധനവുമായി രണ്ട് ട്രക്കുകളെത്തുകയായിരുന്നു.
വെള്ളിയാഴ്ച ചേര്‍ന്ന ഇസ്രയേലിന്റെ യുദ്ധകാര്യകാബിനറ്റ് ഗാസയിലേക്ക് പ്രതിദിനം 1,40,000 ലിറ്റര്‍ ഇന്ധനമെത്തിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. യുഎസിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് തീരുമാനമെന്നാണ് വിവരം.
ഓരോ 48 മണിക്കൂറുകൂടുമ്പോഴുമാണ് റാഫ വഴി ഇന്ധനട്രക്കുകളെത്തുക. മൊബൈൽ ശൃംഖല പുനഃസ്ഥാപിക്കുന്നതിനുള്ള ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാനായി 17,000 ലിറ്റര്‍ ഡീസൽ പലസ്തീൻ വാർത്താവിനിമയ കമ്പനിയായ പാല്ട്ടെലിനു നല്‍കും.
ഇന്ധനമില്ലാത്തതിനാല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഗാസയിലെ പലസ്തീന് വാര്‍ത്താവിനിമയ കമ്പനിയായ പാല്‍ട്ടെല്‍ അറിയിച്ചിരുന്നു.
സാംക്രമിക രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ കുടിവെള്ള ശുദ്ധീകരണ പ്ലാന്റുകളുടെയും മാലിന്യസംസ്കരണപ്ലാന്റുകളുടെയും പ്രവര്‍ത്തനത്തിനാണ് ഇന്ധനം നല്‍കുന്നതെന്ന് ഇസ്രയേലിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാചി ഹനെഗ്ബി പറഞ്ഞു. യുഎന്‍ വാഹനങ്ങള്‍ക്കും പ്രയോജനപ്പെടുത്താം.
ഇന്ധനവിതരണം പുനഃസ്ഥാപിച്ചാല്‍ അത് ഹമാസിന്റെ കൈകളിലെത്തുമെന്ന ആശങ്കയാണ് ഇന്ധനം നല്‍കാനുള്ള അനുമതി വൈകിപ്പിക്കാന്‍ ഇസ്രയേലിനെ പ്രേരിപ്പിച്ചത്. ഇതിനിടെ, ഗാസയില്‍ വെടിനിര്‍ത്തണമെന്ന ആവശ്യം ഉന്നയിച്ച് യുഎൻ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.