വൈദ്യുതി ബില്ലിന്റെ പേരിൽ തട്ടിപ്പ്: മുൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥന് ഏഴര ലക്ഷം നഷ്ടമായി
വെബ് ഡെസ്ക്
Sunday, November 19, 2023 1:29 AM IST
മുംബൈ: മുന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന് വൈദ്യുതി ബില്ലിന്റെ പേരിലുള്ള സൈബർ തട്ടിപ്പിന് ഇരയായെന്ന് റിപ്പോർട്ട്. മുംബൈ മുലുണ്ടിലുള്ള രഘുനാഥ് കരംബേൽക്കർ എന്ന ഉദ്യോഗസ്ഥനാണ് തട്ടിപ്പിന് ഇരയായത്.
72കാരനായ ഇദ്ദേഹത്തിന്റെ പക്കൽ നിന്നും ഇതുമായി ബന്ധപ്പെട്ട് ഏഴര ലക്ഷം രൂപയാണ് നഷ്ടമായത്. കഴിഞ്ഞു പോയ മാസങ്ങളിലെ ബിൽ കുടിശികയുണ്ടെന്ന് കാട്ടി മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ പേരിൽ വന്ന വ്യാജ സന്ദേശം വന്നിരുന്നു. പണം ഉടൻ അടച്ചില്ലെങ്കിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന മുന്നറിയിപ്പും സന്ദേശത്തിലുണ്ടായിരുന്നു.
എന്നാൽ ബിൽ അടച്ചതാണെന്ന് രഘുനാഥ് പറഞ്ഞപ്പോൾ ഇത് രേഖകളിലില്ലെന്ന പ്രതികരണമാണ് ലഭിച്ചത്. ഇതിന് പിന്നാല പ്രശ്നം പരിഹരിക്കാനെന്ന വ്യാജേന, തട്ടിപ്പുസംഘം രഘുനാഥിന്റെ വാട്സ്ആപ്പിലേക്ക് ഒരു ലിങ്ക് അയച്ചു. ശേഷം അതില്‍ ക്ലിക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടും സന്ദേശം വന്നു.
എന്നാല്‍ തന്റെ ഫോണില്‍ ലിങ്ക് തുറക്കാന്‍ സാധിക്കാതെ വന്നതോടെ രഘുനാഥ് അത് ഭാര്യയുടെ നമ്പറിലേക്ക് അയച്ചു കൊടുത്തു. ലിങ്ക് തുറന്നപ്പോള്‍, വ്യക്തിഗത വിവരങ്ങള്‍ നല്‍കാനും അഞ്ചു രൂപ അടയ്ക്കാനുമാണ് സൈബര്‍ തട്ടിപ്പു സംഘം ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പോലീസിനോട് പറഞ്ഞു.
പണം അടച്ചപ്പോൾ രണ്ട് അക്കൗണ്ടിലുമുണ്ടായിരുന്ന തുക പിൻവലിക്കപ്പെട്ടെന്ന സന്ദേശമാണ് വന്നത്. ആകെ ഏഴര ലക്ഷം രൂപ ഇത്തരത്തിൽ നഷ്ടമായി. ഇതിന് പിന്നാലെയാണ് ഇരുവരും സൈബർ പോലീസിൽ പരാതി നൽകിയത്. അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.