യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദം; അന്വേഷണത്തിന് പ്രത്യേക സംഘം
Saturday, November 18, 2023 1:08 PM IST
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെന്ന കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. തിരുവനന്തപുരം സിറ്റി ഡിസിപി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.
സൈബര്‍ പോലീസ് ഉള്‍പ്പെടെ എട്ട് പേരാണ് അന്വേഷണ സംഘത്തിലുള്ളത്. ഇതുസംബന്ധിച്ച് അഞ്ച് ദിവസത്തിനകം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുണ്ടോ എന്നാണ് അന്വേഷണ സംഘം ആദ്യം പരിശോധിക്കുക. യൂത്ത് കോണ്‍ഗ്രസ് തെരരഞ്ഞെടുപ്പില്‍ ക്രമക്കേട് കാട്ടാന്‍ ഇലക്ഷന് കമ്മിഷന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചെന്ന ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
കേസില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് അംഗത്വത്തിന് സ്വീകരിച്ചിരുന്ന അടിസ്ഥാന രേഖകളിലൊന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡായിരുന്നു. ഫോട്ടോ നല്കിയാല് വ്യാജ വോട്ടര്‍ കാര്‍ഡ് നിര്‍മിച്ചുനല്‍കുന്ന മൊബൈല്‍ ആപ്പും ഇതിനായി ഉപയോഗിച്ചു. ഇതിലൂടെ ചില സ്ഥാനാര്‍ഥികള്‍ ജയിച്ചെന്നാണ് പരാതി.