ഗുരുതരത്തിൽ നിന്ന് വളരെ മോശത്തിലേക്ക്; ഡൽഹിക്ക് നേരിയ ആശ്വാസം
Saturday, November 18, 2023 10:46 AM IST
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം ശനിയാഴ്ച രാവിലെ 'ഗുരുതര'ത്തിൽ നിന്ന് നേരിയ തോതിൽ മെച്ചപ്പെട്ട് 'വളരെ മോശം' ആയി. തലസ്ഥാനത്തെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (എക്യുഐ) വെള്ളിയാഴ്ചത്തെ 461 ൽ നിന്ന് ഇന്ന് രാവിലെ 398 ആയി കുറഞ്ഞു.
ഇപ്പോഴും നഗരത്തെ ആവരണം ചെയ്തിരിക്കുന്ന വിഷപ്പുകമഞ്ഞിന് ശമനമില്ലെങ്കിലും വായു ഗുണനിലവാര സൂചികയിലെ പുരോഗതി ഡൽഹി നിവാസികൾക്ക് അൽപ്പം ആശ്വാസമേകി.
സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ചിന്റെ കണക്ക് പ്രകാരം പ്രകാരം ഗാസിപുരിലെ വായു ഗുണനിലവാര സൂചിക ശനിയാഴ്ച രാവിലെ 7.15 ന് 398 രേഖപ്പെടുത്തി.
രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരമായി തുടരുകയാണ്. ലോകാരോഗ്യസംഘടന ശിപാർശചെയ്യുന്ന അന്തരീക്ഷത്തിലെ ഹാനികരമായ കണങ്ങളുടെ അളവിന്റെ നൂറു മടങ്ങാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഡൽഹിയിൽ രേഖപ്പെടുത്തിയത്.
ഡൽഹിയിലെ മിക്ക പ്രദേശങ്ങളിലും വായു ഗുണനിലവാര സൂചിക 400ന് മുകളിലാണ്.
വായുനിലവാരം കുത്തനേ ഇടിഞ്ഞതോടെ വാഹനങ്ങൾക്കും നിർമാണ പ്രവർത്തനങ്ങൾക്കും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
അനാവശ്യ യാത്രകൾ ഒഴിവാക്കാനും പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കാനും സർക്കാർ നിർദേശമുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ച് ദീപാവലിക്ക് വലിയ തോതിൽ പടക്കം പൊട്ടിച്ചതാണ് വായു ഗുണനിലവാരം ഇത്രയും മോശമാകാൻ കാരണം.
അതേസമയം, അന്തരീക്ഷ മലിനീകരണത്തിനൊപ്പം അതിശൈത്യവും രാജ്യതലസ്ഥാനത്ത് പിടിമുറുക്കി. കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടനുസരിച്ച് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്.
കാറ്റിന്റെ അഭാവത്തെത്തുടർന്ന് ഡൽഹിയിലെ താപനില മൂന്ന് ഡിഗ്രി കുറഞ്ഞ് 10.9 ഡിഗ്രി സെൽഷസായി. കനത്ത മൂടൽമഞ്ഞും ഡൽഹിലെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെട്ടുതുടങ്ങി. താപനില കുറയുന്നത് അന്തരീക്ഷ മലിനീകരണത്തെ സാരമായി ബാധിച്ചു.