കൊച്ചി: കടവന്ത്രയില്‍ മയക്കുമരുന്ന് തൂക്കി വില്‍ക്കുന്ന മൂന്നംഗ സംഘം പിടിയിലായി മണിക്കൂറുകള്‍ക്കകം ഇവരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വലിയ സാമ്പത്തിക ശേഷിയുള്ളവരെ ലക്ഷ്യമിട്ടാണ് ഇവര്‍ ഇടപാട് നടത്തിയിരുന്നതെന്നും ഒന്നിച്ച് വാങ്ങുന്ന മയക്കുമരുന്ന് ഓരോ ഇടപാടുകാര്‍ക്കും അപ്പപ്പോള്‍ തൂക്കി നല്‍കുന്നതായിരുന്നു ഇവരുടെ രീതിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

പ്രതികളില്‍ നിന്നും ഇവരില്‍ നിന്ന് മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട 19.82 ഗ്രാം എം.ഡി.എം.എയും 4.5 ഗ്രാം ഹാഷ് ഓയിലുമാണ് പോലീസ് പിടിച്ചെടുത്തത്. ഇത് തൂക്കി നോക്കാന്‍ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് വെയിംഗ് മെഷീനും ഇവരില്‍ നിന്നും പിടിച്ചെടുത്തിരുന്നു.

കൊല്ലം ഓച്ചിറ സ്വദേശി റിജോ, കോട്ടയം കുറവിലങ്ങാട് സ്വദേശി ഡിനോ ബാബു, തലശ്ശേരി ധര്‍മ്മടം സ്വദേശിനി മൃദുല എന്നിവരാണ് വെള്ളിയാഴ്ച കൊച്ചി സൗത്ത് പോലീസിന്‍റെ പിടിയിലായത്. സ്ത്രീ ഒപ്പമുണ്ടെങ്കില്‍ പോലീസ് സംശയിക്കില്ലെന്ന കണക്ക് കൂട്ടലിലാണ് ഇരുവരും തലശേരി സ്വദേശിനിയായ മൃദുലയെ ഒപ്പം കൂട്ടിയത്.

ഒന്നാം പ്രതി റിജുവും രണ്ടാം പ്രതി ഡിനോ ബാബുവും മറ്റ് നിരവധി കേസുകളിലും പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി. ഇതില്‍ മിക്കതും മയക്കുമരുന്ന്, വഞ്ചന കേസുകളാണ്. മൂന്ന് പ്രതികളേയും കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.