ശബരിമലയിലെ പോരായ്മകൾ രണ്ട് ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്ന് മന്ത്രി രാധാകൃഷ്ണൻ
Friday, November 17, 2023 11:44 PM IST
തിരുവനന്തപുരം: ശബരിമലയിലെ പോരായ്മകൾ രണ്ട് ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. മുന്നൊരുക്കങ്ങൾ എല്ലാം നടത്തിയിട്ടുണ്ട്. ചെറിയ പോരായ്മകളാണ് അവശേഷിക്കുന്നത്.
ചെറിയ പോരായ്മകൾ മനുഷ്യസഹജമാണ്. അതിനോട് സഹിഷ്ണുത കാട്ടാൻ മാധ്യമങ്ങളടക്കം തയാറാവണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. സുഗമമായ തീർഥാടനത്തിനാണ് ലക്ഷ്യമിടുന്നത്. ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വകുപ്പുകളുടെ നേതൃത്വത്തിൽ ഹോട്ടലുകളിലും മറ്റും പരിശോധന കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു.
കോടതി ഉത്തരവിനെ തുടർന്ന് മാറ്റിവച്ച 6.65 കോടി രൂപയുടെ അരവണ നശിപ്പിക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കും. വിഷാംശം ഉള്ള ഏലയ്ക്ക ഉപയോഗിച്ച അരവണ നശിപ്പിക്കാൻ ചില കമ്പനികളുമായി ചർച്ച നടത്തിവരികയാണ്.
നഷ്ടപരിഹാരം കിട്ടാനുള്ള സാധ്യതയും പരിശോധിക്കും. എല്ലാ പാതകളും തീർഥാടകർക്കായി തുറന്ന് കൊടുക്കുകയാണ്. കാനനപാതകളിലും മറ്റും കൂടുതൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ നിയോഗിക്കും. പരിശീലനം ലഭിച്ച ട്രൈബൽ കുട്ടികളുടെ സേവനവും ലഭ്യമാക്കും. ഇവിടങ്ങളിൽ കൂടുതൽ വൈദ്യസഹായ കേന്ദ്രങ്ങളും ആരംഭിക്കും.
പമ്പയിലെ നടപ്പന്തലിന്റെ നിർമാണം അഞ്ച് ദിവസത്തിൽ പൂർത്തീകരിക്കും. 21 ലക്ഷത്തിൽപ്പരം ടിൻ അരവണയും മൂന്നര ലക്ഷത്തോളം പാക്കറ്റ് അപ്പവും സ്റ്റോക്കുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്റ്റോക്ക് കൂടുതലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.