ഒന്നാംപ്രതിയുടെ ശിക്ഷ മരവിപ്പിച്ച നടപടി; മധുവിന്റെ കുടുംബം സുപ്രീം കോടതിയിലേക്ക്
Friday, November 17, 2023 10:03 AM IST
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിലെ ഒന്നാംപ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച ഹൈക്കോടതി നടപടിക്കെതിരേ മധുവിന്റെ കുടുംബം സുപ്രീം കോടതിയിലേക്ക്. ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്ന് മധുവിന്റെ അമ്മ മല്ലി പറഞ്ഞു. നീതികിട്ടാന്‍ എതറ്റംവരെയും പോകും. സുപ്രീം കോടതിയെ സമീപിക്കും മല്ലി കൂട്ടിച്ചേര്‍ത്തു.
കുറ്റകൃത്യത്തിന്റെ ആദ്യഘട്ടത്തില്‍ ഹുസൈന് സ്ഥലത്ത് ഉണ്ടായില്ലെന്ന് നിരീക്ഷിച്ചാണ് കഴിഞ്ഞദിവസം ഇയാളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചത്. ശിക്ഷ മരവിപ്പിച്ചതിനാല്‍ അപ്പീലില്‍ വിധി പറയുന്നതുവരെ ഹുസൈന് ജാമ്യത്തിന് വഴിയൊരുങ്ങി.
ഹുസൈന്റെ കടയില്‍ നിന്ന് സാധനങ്ങള്‍ എടുത്തുവെന്ന് ആരോപിച്ചായിരുന്നു പ്രതികൾ മധുവിനെ പിടിച്ചുകൊണ്ടുപോയതും കൊലപ്പെടുത്തിയതും. 2022 ഏപ്രില്‍ 28 നാണ് മണ്ണാര്‍ക്കാട് എസ്സി - എസ്ടി ജില്ലാ പ്രത്യേക കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങിയത്.
മധു കൊലക്കേസില്‍ 13 പ്രതികള്‍ക്ക് വിചാരണക്കോടതി നേരത്തെ ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരേ കഴിഞ്ഞദിവസം പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു.
പ്രതികള്‍ അപ്പീല്‍ നല്‍കുന്നതിനൊപ്പം ഇടക്കാല ഹര്‍ജി കൂടി നല്‍കിയിരുന്നു. ശിക്ഷ നടപ്പിലാക്കുന്നത് മരവിപ്പിക്കണം, തങ്ങള്‍ക്ക് ജാമ്യം നല്‍കണം എന്നതായിരുന്നു ഉപ ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ ഹുസൈന് ഒഴികെ 12 പ്രതികളുടെ ഇടക്കാല ഹര്‍ജി കോടതി തള്ളി.
കേസിന്റെ പ്രത്യേകസ്വഭാവം പരിഗണിച്ച് 2024 ജനുവരിയില്‍ അപ്പീലുകളില്‍ വാദം കേള്‍ക്കുമെന്ന് ജസ്റ്റീസുമാരായ പി.ബി. സുരേഷ് കുമാര്‍, പി.ജെ. അജിത് കുമാര്‍ എന്നിവരുടെ ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.