കോട്ടയം: ഇപ്പോള്‍ നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി തുടര്‍ന്നാല്‍ കച്ചവടം തന്നെ നിറുത്തേണ്ടി വരുമെന്നും പിടിച്ചുനില്‍ക്കാന്‍ 250 കോടി രൂപയെങ്കിലും ഉടന്‍ കിട്ടണമെന്നും സപ്ലൈകോ. നിലവിലെ സ്ഥിതി ഭക്ഷ്യമന്ത്രി ധനവകുപ്പിന്‍റെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും സപ്ലൈകോയ്ക്ക് പണമൊന്നും ലഭിച്ചിട്ടില്ല.

ഒരാഴ്ച മുന്‍പാണ് വിപണി ഇടപെടലിന് പണം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും ധനവകുപ്പ് ഇക്കാര്യം പരിഗണിക്കുന്നില്ലെന്ന് ഭക്ഷ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

സപ്ലൈകോയിലേക്ക് ഭക്ഷ്യ വസ്തുക്കളുടെ സ്‌റ്റോക്ക് തന്ന കമ്പനികള്‍ക്ക് കൊടുക്കാനുള്ള കുടിശിക 650 കോടിയില്‍ നിന്നും 700 കോടി രൂപയായി ഉയര്‍ന്നു.

ഓണക്കാലത്ത് മാത്രമായി 350 കോടി രൂപയുടെ അധിക ബില്‍ വന്നിരുന്നു. ഇതും ധനവകുപ്പിന് കൈമാറിയിട്ടുണ്ട്. ഈ ബില്ലും കൂടി ചേര്‍ത്താൽ കുടിശിക 1000 കോടി കടക്കും. കേന്ദ്രത്തില്‍ നിന്നും ഭക്ഷ്യ സംസ്‌കരണത്തിനായി പണം കിട്ടുമ്പോള്‍ ഈ തുക വകയിരുത്താമെന്ന നിലപാടിലാണ് ധനവകുപ്പ്.

എന്നാല്‍ 2018 മുതലുള്ള ഓഡിറ്റ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇത് കഴിഞ്ഞാലേ പണം അനുവദിക്കൂ എന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.