ആലുവയിലെ അഞ്ച് വയസുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച സംഭവം; ആരോപണവിധേയന് പണം നല്കി തലയൂരി
Thursday, November 16, 2023 1:21 PM IST
കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടിയ സംഭവത്തില്‍ തട്ടിപ്പില്‍നിന്ന് തലയൂരി ആരോപണവിധേയനായ മുനീര്‍. സംഭവം വാര്‍ത്തയായതോടെ തട്ടിയെടുത്ത പണം ഇയാള്‍ കുട്ടിയുടെ പിതാവിന് തിരികെ നല്‍കുകയായിരുന്നു.
ഇത് സംബന്ധിച്ച വാര്‍ത്ത കളവാണെന്ന് മാധ്യമങ്ങളോട് പറയണമെന്ന് മുനീര്‍ കുട്ടിയുടെ പിതാവിനോട് ഫോണില്‍ ആവശ്യപ്പെട്ടു. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം കൂടി പുറത്തുവന്നതോടെ പണം മടക്കി നല്കാന് മുനീര്‍ തയാറാവുകയായിരുന്നു.
തട്ടിയെടുത്ത 50,000 രൂപയാണ് ഇയാള്‍ തിരികെ നല്‍കിയത്. പണം ലഭിച്ചതോടെ ഇനി പരാതിയുമായി മുന്നോട്ടുപോകില്ലെന്ന് കുട്ടിയുടെ അച്ഛന് പ്രതികരിച്ചു.
മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിനെതിരെയാണ് ഗുരുതരമായ പരാതി ഉയര്‍ന്നത്. മുനീര്‍ എന്നയാള്‍ 1,20,000 രൂപ തട്ടിയെടുത്തെന്നും പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ 70,000 രൂപ തിരിച്ച് നല്‍കിയെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. കുട്ടി കൊല്ലപ്പെട്ട് ദിവസങ്ങള്‍ മാത്രം കഴിഞ്ഞപ്പോഴാണ് സംഭവം.
ആ ഘട്ടത്തില്‍ ഇത് പുറത്ത് പറയാന്‍ കഴിയുന്ന മാനസികാവസ്ഥയില്‍ ആയിരുന്നില്ല. ഇത് തട്ടിപ്പ് ആണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തുവരുന്നതെന്നും കുടുംബം പ്രതികരിച്ചു.
തന്റെ അക്കൗണ്ടിലുള്ള പണം എടുക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് മുനീര്‍ ബന്ധപ്പെട്ടത്. എടിഎമ്മില്‍നിന്ന് പല തവണയായി പണം എടുത്തെങ്കിലും ഇത് തങ്ങള്‍ക്ക് കൈമാറിയില്ലെന്നായിരുന്നു പരാതി.