വിജയശാന്തി ബിജെപി വിട്ടു; വീണ്ടും കോൺഗ്രസിലേക്ക്
Thursday, November 16, 2023 10:02 AM IST
ബംഗളൂരു: തെന്നിന്ത്യൻ സിനിമയിലെ ആക്ഷൻ റാണിയും മുൻ എംപിയുമായ നടി വിജയശാന്തി ബിജെപി വിട്ടു. തെലുങ്കാന ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി. കിഷൻ റെഡ്ഡിക്ക് താരം രാജി സമർപ്പിച്ചു. സീറ്റും പദവികളും ലഭിക്കാതിരുന്നതിലെ അമർഷം മൂലമാണ് വിജയശാന്തി ബിജെപി വിട്ടതെന്നാണ് സൂചന.
വ്യാഴാഴ്ച ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലിയിൽ രാഹുൽ ഗാന്ധി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരിക്കും വിജയശാന്തി വീണ്ടും കോൺഗ്രസ് അംഗത്വം സ്വീകരിക്കുകയെന്നാണ് സൂചന.
1997ലാണ് വിജയശാന്തി ബിജെപിയിൽ ചേർന്നത്. തുടർന്ന് ഭാരതീയ മഹിളാ മോർച്ച സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. തെലുങ്കാന സംസ്ഥാനത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തിനിടെ ടിആർഎസിൽ ചേർന്ന നടി 2009ൽ മേദക് മണ്ഡലത്തിൽനിന്ന് പാർലമെന്റിലെത്തി.
2014ൽ വിജയശാന്തി ടിആര്‍എസ് വിട്ട് കോണ്‍ഗ്രസിലെത്തി. 2019 ലോക്സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് തോൽവിയെത്തുടർന്നാണ് ബിജെപിയിലേക്ക് മടങ്ങിയത്.
നാലു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തിൽ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി 180-ലധികം ചിത്രങ്ങളില്‍ വിജയശാന്തി അഭിനയിച്ചിട്ടുണ്ട്. 2020 ൽ മഹേഷ് ബാബു ചിത്രത്തിലൂടെ അവർ വെള്ളിത്തിരയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു.