വൈപ്പിനിൽനിന്നുള്ള ബസുകളുടെ കൊച്ചി നഗരപ്രവേശനത്തിന് പരിഹാരമായി: ഗതാഗതമന്ത്രി
Thursday, November 16, 2023 2:35 AM IST
തിരുവനന്തപുരം: വൈപ്പിനിൽ നിന്ന് കൊച്ചിയിലേയ്ക്കുള്ള ബസുകളുടെ നഗരപ്രവേശനം സാധ്യമാക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ ഉത്തരവ് നൽകിയതായി ഗതാഗത മന്ത്രി ആന്റണി രാജു.
കൊച്ചി നഗരത്തിലെ ചില റൂട്ടുകൾ ദേശസാൽക്കരിക്കപ്പെട്ടതിനാൽ ഗോശ്രീ പാലത്തിലൂടെയുള്ള ബസുകൾക്ക് ഹൈക്കോടതി ജംഗ്ഷൻ വരെയായിരുന്നു യാത്രാ അനുമതി ഉണ്ടായിരുന്നത്. അവിടെ നിന്ന് മറ്റ് ബസുകളിൽ കയറിയാണ് ദ്വീപു നിവാസികൾ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോയിരുന്നത്.
2004-ൽ ഗോശ്രീ പാലങ്ങളുടെ പണി പൂർത്തിയായതു മുതൽ വൈപ്പിനിൽനിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ചുരുക്കം ചില കെഎസ്ആർടിസി ബസുകളെ മാത്രം ആശ്രയിച്ചായിരുന്നു വൈപ്പിൻ നിവാസികളുടെ നേരിട്ടുള്ള യാത്ര.
പുതിയ കൂടുതൽ ബസുകൾക്ക് പെർമിറ്റ് അനുവദിക്കുന്നതോടെ ഈ മേഖലയിലെ യാത്രക്കാരുടെ ദീർഘനാളത്തെ പരാതികൾക്കാണ് പരിഹാരമാകുന്നത്. ബസുകളുടെ നഗരപ്രവേശനം സംബന്ധിച്ച് കരട് വിജ്ഞാപനം ഇറക്കി മോട്ടോർ വാഹന നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ പാലിച്ചതിനുശേഷമാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുവാനുള്ള ഉത്തരവ് നൽകിയത്.
നിരവധി വർഷങ്ങളായുള്ള വൈപ്പിൻ നിവാസികളുടെ യാത്ര പ്രശ്നത്തിനാണ് ഇതോടെ ശാശ്വത പരിഹാരമാവുന്നതെന്ന് മന്ത്രി പറഞ്ഞു.