പരിയാരം കവർച്ച: കവർച്ച നടത്തിയത് അഞ്ചംഗസംഘം; തമിഴ്നാട് സ്വദേശി പിടിയിൽ
Wednesday, November 15, 2023 5:54 PM IST
കണ്ണൂർ: പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിൽ വീട് കുത്തിത്തുറന്ന് വീട്ടുകാരെ ബന്ദിയാക്കി സ്വർണവും പണവും കവർച്ച നടത്തിയ സംഘത്തിലെ ഒരാളെ പ്രത്യേക അന്വേഷണസംഘം പിടികൂടി. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി സഞ്ജീവ് കുമാർ (27) നെയാണ് പിടികൂടിയത്.
ഇയാൾ ഉൾപ്പടെ അഞ്ചംഗ സംഘമാണ് പരിയാരത്ത് കവർച്ച നടത്തിയത്. പിടിയിലായ സഞ്ജീവ് കുമാർ നിരവധി കവർച്ചാ കേസുകളിൽ പ്രതിയാണ്. ദേശീയപാതയിലും കവർച്ച നടന്ന വീടുകൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെയും അഞ്ഞൂറോളം നിരീക്ഷണ കാമറകളും മൊബൈൽ ടവർ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് സംഘം കവർച്ചക്കെത്തിയ വ്യാജ നമ്പർ പതിച്ച വാഹനം കണ്ടെത്തിയത്.
ഒക്ടടോബർ 19-നാണ് പരിയാരം ചിതപ്പിലെ പൊയിലിലെ ഡോക്ടർ ദമ്പതികളുടെ വീട്ടിൽ കവർച്ച നടന്നത്. ജനലിന്റെ ഗ്രിൽ തകർത്ത നാലംഗ മുഖംമൂടിസംഘം വീട്ടിലെ വയോധികയെ കഴുത്തിന് കത്തിവച്ച് ഒമ്പത് പവന്റെ ആഭരണങ്ങളും 15,000 രൂപയും തട്ടിയെടുക്കുകയായിരുന്നു.
തുന്പില്ലാതെ കവർച്ച; തുന്പ് കണ്ടെത്തി പോലീസ്
ഡിവൈഎസ്പി പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷണത്തിന് രൂപീകരിച്ചത്. പ്രതികൾ ഉപയോഗിച്ച വ്യാജ നമ്പർ പതിച്ച വാഹനം കണ്ടെത്തിയ പോലീസ് പ്രതികൾക്കായി തെരച്ചിൽ തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
കോയന്പത്തൂരിലെ സുളൂരിൽ നിന്നാണ് സഞ്ജീവ് കുമാർ പിടിയിലായത്. അസാധ്യ വേഗതയിൽ വാഹനം ഓടിക്കുന്നയാളാണ് ഇയാൾ. അന്വേഷണം സംഘം ഇയാളുടെ അടുത്തെത്തിയപ്പോൾ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
സഞ്ജീവ് കുമാറിനെ ചോദ്യം ചെയ്തതിൽ നിന്നും കൂട്ടുപ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചു. പാലക്കാട് വഴിയാണ് കവർച്ചാസംഘം കേരളത്തിലേക്ക് കടന്നത്. കവർച്ച നടത്തി മടങ്ങിയതാകട്ടെ മടിക്കേരി വഴിയും.
സംഘത്തലവൻ സൊള്ളൻ സതീഷ്
തമിഴ്നാട്ടിലെ കുപ്രസിദ്ധ ക്രിമിനൽ സൊള്ളൻ സതീഷിന്റെ നേതൃത്വത്തിലുള്ള കവർച്ചാ സംഘമാണ് മോഷണം നടത്തിയത്. കൊലപാതക കേസടക്കമുള്ളവയിൽ പ്രതിയായ ഇയാളാണ് വിവിധ ഭാഗങ്ങളിലെ കവർച്ചാ കേസിലെ പ്രതികളെ ഏകോപിച്ച് കവർച്ചാ സംഘമുണ്ടാക്കിയത്.
സംഘത്തിൽ അംഗങ്ങളായവർക്ക് പരസ്പരം ശരിയായ മേൽവിലാസം പോലും അറിയില്ല. ഇത്തരത്തിലായിരുന്നു സതീഷ് സംഘത്തെ ഏകോപിപ്പിച്ചിരുന്നത്. വൈഫൈ മോഡം ഉപയോഗിച്ച് സമൂഹമാധ്യമത്തിലൂടെ മാത്രമാണ് ഇവർ ആശയവിനിമയം നടത്തിയിരുന്നത്. തമിഴ്നാട്ടിൽ നിന്ന് വാഹനം മോഷ്ടിച്ച് നമ്പർ പ്ലേറ്റ് മാറ്റി കേരള നമ്പർ ഘടിപ്പിച്ചാണ് മോഷണത്തിനായി സംഘം ഇവിടെയെത്തിയത്.