കളമശേരി സ്ഫോടനക്കേസ്: ഡൊമിനിക് മാര്‍ട്ടിനെ കാക്കനാട് ജയിലേക്ക് മാറ്റി
Wednesday, November 15, 2023 1:13 PM IST
കൊച്ചി: കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെ കാക്കനാട് ജയിലേക്ക് മാറ്റി. ഈ മാസം 29 വരെ പ്രതിയെ റിമാന്‍ഡ് ചെയ്തു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.
തനിക്ക് അഭിഭാഷകനെ ആവശ്യമില്ലെന്ന് പ്രതി ആവര്‍ത്തിച്ചു. കേസ് സ്വന്തമായി നടത്തിക്കൊള്ളാം എന്നാണ് മാര്‍ട്ടിന്റെ നിലപാട്.
കഴിഞ്ഞമാസം 29ന് ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. യഹോവ സാക്ഷികളുടെ കണ്വെന്ഷന് നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററിലെ ഹാളില്‍ സ്ഫോടനമുണ്ടാവുകയും അഞ്ചുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പിന്നാലെ ഇതിനുപിന്നില്‍ താനാണെന്ന് സോഷ്യല്‍ മീഡിയവഴി ഡൊമിനിക് മാര്ട്ടിന് വെളിപ്പെടുത്തുകയായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥര്‍ 10 ദിവസമെടുത്താണ് ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കിയത്. പ്രതിക്കെതിരേ യുഎപിഎ ചുമത്തിയ സാഹചര്യത്തില്‍ എന്‍ഐഎയാണ് കേസ് അന്വേഷിക്കേണ്ടത്. എന്നാല്‍ കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് എന്‍ഐഎ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.