കളമശേരി സ്ഫോടനം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം വീതം; ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും
Wednesday, November 15, 2023 12:54 PM IST
തിരുവനന്തപുരം: യഹോവ സാക്ഷികളുടെ കണ്വെന്ഷന് നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററിലെ ഹാളിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കും. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും.
കഴിഞ്ഞ മാസം 29ന് ആണ് കളമശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെ സ്ഫോടനം നടന്നത്. സംഭവത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നാലെ പ്രതി ഡൊമിനിക് മാര്ട്ടിന് പോലീസില്‍ കീഴടങ്ങിയിരുന്നു.
ഇയാളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതിയെ ബുധനാഴ്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.