മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസ്: അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ സുരേഷ് ഗോപി; ഒപ്പം നൂറുകണക്കിന് പ്രവര്‍ത്തകരും
Wednesday, November 15, 2023 12:17 PM IST
കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ബുധനാഴ്ച ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥന് മുന്പില് ഹാജരായി. പകല്‍ 11.50ന് നടക്കാവ് പോലീസ് സ്റ്റേഷനിലാണ് അദ്ദേഹം എത്തിയത്.
സുരേഷ് ഗോപി വരുന്നതിന് മുമ്പായി രാവിലെ നടക്കാവ് ഇംഗ്ലീഷ് പളളി മുതല്‍ പോലീസ് സ്റ്റേഷന്‍വരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, ശോഭ സുരേന്ദ്രന്, എം.ടി. രമേഷ്, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകർ പ്ലക്കാര്‍ഡുകളുമേന്തി പദയാത്ര നടത്തി.
പ്രവര്‍ത്തകരെ സ്റ്റേഷന് മുന്നില്‍ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സുരേഷ് ഗോപി ഇടപെട്ടതിനെതിരെയുള്ള രാഷ്ട്രീയ വേട്ടയാണ് അദ്ദേഹത്തിനെതിരെ ഇപ്പോള്‍ നടക്കുന്നതെന്ന് കെ. സുരേന്ദ്രന് പറഞ്ഞു.
ഒക്ടോബര്‍ 27ന് കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ അനുവാദമില്ലാതെ കൈ വയ്ക്കുകയായിരുന്നു.
മാധ്യമപ്രവര്‍ത്തക അപ്പോള്‍ തന്നെ കൈ തട്ടിമാറ്റി. എന്നാല്‍ സുരേഷ് ഗോപി വീണ്ടും തോളില്‍ കൈ വയ്ക്കാന്‍ ശ്രമിച്ചു. ഈ സമയത്തും മാധ്യമപ്രവര്‍ത്തക കൈ തട്ടിമാറ്റി.പിന്നാലെ പോലീസില്‍ പരാതിയും നല്കി. അപമര്യാദയായി പെരുമാറിയെന്ന മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ 354 എ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.