കണ്ണൂരിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടൽ; രക്ഷപ്പെട്ടവർക്കായുള്ള തിരച്ചിൽ തുടരുന്നു
Wednesday, November 15, 2023 9:13 AM IST
കണ്ണൂർ: കരിക്കോട്ടക്കരി ഉരുപ്പുംകുറ്റി ഞെട്ടിത്തോട് മലയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ രക്ഷപ്പെട്ടവർക്കായുള്ള തിരച്ചിൽ തുടരുന്നു.
തണ്ടർബോൾട്ടിന്റെ നേതൃത്വത്തിലാണ് വനമേഖലകളിൽ തിരച്ചിൽ തുടരുന്നത്. ആറളം ഫാം മേഖല, എടപ്പുഴ, വാളത്തോട്, കരിക്കോട്ടക്കരി പ്രദേശങ്ങളിലാണ് പോലീസ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.
ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകളിൽ ഒരാൾക്കാണ് പരിക്ക് പറ്റിയതെന്നാണ് പോലീസ് വിശദീകരിക്കുന്നത്. തിങ്കളാഴ്ചയാണ് പോലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജ് കൊല്ലപ്പെട്ടതിന്റെ വാർഷികത്തിന് മുന്നോടിയായാണ് ഇവർ ഒന്നിച്ച് ഉരുപ്പുംകുറ്റി വനമേഖലയിൽ തന്പടിച്ചതെന്നാണ് സൂചന.
വെടിവയ്പ്പുമായി ബന്ധപ്പെട്ട് ആരും കസ്റ്റഡിയിൽ ഇല്ലെന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഡിഐജി പുട്ട വിമലാദിത്യ പറഞ്ഞിരുന്നു. വെടിവയ്പിനുശേഷം മാവോയിസ്റ്റുകൾ കാട്ടിലേക്ക് രക്ഷപ്പെട്ടെന്നും ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയെന്നും ഡിഐജി പറഞ്ഞു.
ഏറ്റുമുട്ടലിൽ എട്ടുപേരും രക്ഷപ്പെട്ടതായാണ് പോലീസ് പറഞ്ഞതെങ്കിലും വെടിവയ്പ് നടന്ന സ്ഥലങ്ങളിൽ രക്തത്തുള്ളികൾ കണ്ടെത്തിയതിൽ ദുരൂഹത ഉയർന്നിരുന്നു.
മാവോയിസ്റ്റുകൾ തിരിച്ചെത്തി ആക്രമണം നടത്താനുള്ള സാധ്യതകൾ കണക്കിലെടുത്ത് ഉരുപ്പുംകുറ്റി ടൗണിലും മലമുകളിലെ വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലെ വീടുകൾക്കും പോലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ 9.30ടെയാണ് സ്ഥലത്ത് ഏറ്റുമുട്ടലുണ്ടായത്. ജാർഖണ്ഡിൽനിന്നടക്കമുള്ള മാവോയിസ്റ്റുകൾ വനമേഖലയിൽ ക്യാന്പ് ചെയ്യുന്നുണ്ടെന്നും യോഗം ചേരുന്നുണ്ടെന്നുമുള്ള വിവരത്തെത്തുടർന്ന് പുലർച്ചെ മൂന്നോടെയാണ് തണ്ടർബോൾട്ടും പോലീസ് സ്പെഷൽ പ്രൊട്ടക്ഷൻ ഫോഴ്സും എത്തിയത്.
ആയാംകുഴി, പള്ളിക്കുന്ന്, ഞെട്ടിത്തോട് തുടങ്ങിയ മൂന്നു വഴികളിലൂടെയാണ് പോലീസ് സംഘം ഉരുപ്പുംകുറ്റി ഞെട്ടിത്തോട് മേഖലയിൽ എത്തിയത്. ഉരുപ്പുംകുറ്റിയിൽനിന്ന് ഏകദേശം ഏഴു കിലോമീറ്റർ ഉള്ളിലാണ് ഈ സ്ഥലം.
വെടിവയ്പിനെത്തുടർന്ന് മാവോയിസ്റ്റുകൾ ചിതറിയോടി. സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെന്നും പറയുന്നു.