ക്രൂരതയ്ക്ക് തൂക്കുകയര്‍; ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ
Tuesday, November 14, 2023 11:23 AM IST
കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാഖ് ആലത്തിന് വധശിക്ഷ. എറണാകുളം പോക്സോ കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്.
കൊലപാതകകുറ്റത്തിനാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. സമാനതകളില്ലാത്ത ക്രൂരതയ്ക്ക് പരാമവധി ശിക്ഷ വിധിക്കണമെന്ന പ്രോസിക്യൂഷന് ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
തെളിവ് നശിപ്പിച്ചതിന് അഞ്ച് വര്‍ഷം തടവും കുട്ടിക്ക് ലഹരിപദാര്‍ഥം നല്‍കിയതിന് മൂന്ന് വര്‍ഷം തടവുമാണ് വിധിച്ചത്. മൂന്ന് പോക്സോ വകുപ്പുകളിൽ അടക്കം അഞ്ച് ജീവപര്യന്തവും കോടതി വിധിച്ചു.
അതിവേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ കേസില്‍ സംഭവം നടന്ന് 110-ാം ദിവസമാണു ശിക്ഷ വിധിക്കുന്നത്. കഴിഞ്ഞ ജൂലൈ 28നാണ് ഇതരസംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചുവയസുകാരിയെ പ്രതി അസ്ഫാഖ് ആലം വീടിനു സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയശേഷം ആലുവ മാര്‍ക്കറ്റിനു പിന്‍വശത്ത് ഉപേക്ഷിച്ചത്.
കേസില്‍ പ്രതിക്കെതിരേ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു.