കോണ്‍ഗ്രസിന്റെ റാലിക്ക് അനുമതി നിഷേധിച്ചതിന് പിന്നില്‍ രാഷ്ട്രീയക്കളി: ചെന്നിത്തല
Tuesday, November 14, 2023 10:39 AM IST
കണ്ണൂർ: കോണ്‍ഗ്രസിന്റെ പലസ്തീന് ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നിഷേധിച്ചതിന് പിന്നില്‍ രാഷ്ട്രീയക്കളിയെന്ന് രമേശ് ചെന്നിത്തല.
സിപിഎമ്മിന്റേത് മറ്റാരും പലസ്തീനെ അനുകൂലിച്ച് റാലി നടത്തരുതെന്ന ധാര്‍ഷ്ട്യമാണ്. അത് ഒരു കാരണവശാലും അംഗീകരിച്ചുകൊടുക്കില്ല. കോഴിക്കോട് കടപ്പുറത്ത് തന്നെ തങ്ങള്‍ റാലി നടത്തുമെന്നും ചെന്നിത്തല പ്രതികരിച്ചു.
കോഴിക്കോട് ബീച്ചില്‍ കോണ്‍ഗ്രസ് നടത്താനിരുന്ന പലസ്തീന് ഐക്യദാര്‍ഢ്യ റാലിക്ക് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ച പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിന്റെ പേരിലാണ് അനുമതി നിഷേധിച്ചത്.
നവംബര്‍ 25നാണ് നവകേരള സദസ്. 23നാണ് കോണ്‍ഗ്രസ് പലസ്തീന് ഐക്യദാര്‍ഢ്യ റാലി നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ പരിപാടി കഴിഞ്ഞശേഷം മുഖ്യമന്ത്രി ഉള്‍പ്പടെ മന്ത്രിമാര്‍ വരാനിരിക്കുന്ന ചടങ്ങ് ബീച്ചില്‍ നടക്കേണ്ടതാണെന്നും ഇത് സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കുമെന്നും കാണിച്ച് അനുമതി നിഷേധിക്കുകയായിരുന്നു.