ഇന്ത്യൻ ടീം മുംബൈയിലെത്തി; പിച്ച് പരിശോധിച്ച് ദ്രാവിഡും സംഘവും
Monday, November 13, 2023 11:18 PM IST
മുംബൈ: ലോകകപ്പ് സെമി ഫൈനൽ മത്സരത്തിനായി ഇന്ത്യൻ ടീം മുംബൈയിലെത്തി. ക്യാപ്റ്റൻ രോഹിത് ശർമ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ എന്നിവരുൾപ്പെടെയുള്ള ഇന്ത്യൻ ടീം താരങ്ങളെ ആരാധകർ ഹർഷാരവങ്ങളോടെ സ്വീകരിച്ചു.
ഇന്ത്യൻ ടീം തിങ്കളാഴ്ച പരിശീലനം നടത്തിയിരുന്നില്ല. ബംഗുളൂരുവിൽ നെതർലൻഡ്സിനെ തോൽപ്പിച്ച് മുംബൈയിലേക്ക് പോയ ടീമിന് ഇന്ന് വിശ്രമ ദിനമായിരുന്നു.
എന്നാൽ നേരത്തെ മുംബൈയിലെത്തിയ ന്യൂസിലൻഡ് ടീം മൂന്ന് മണിക്കൂറോളം ഗ്രൗണ്ടിൽ ചിലവഴിച്ചു. രച്ചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ, ഡാരിൽ മിച്ചൽ, ഡെവോൺ കോൺവേ എന്നിവർ ബാറ്റിംഗ് പരിശീലനം നടത്തി.
രച്ചിൻ രവീന്ദ്ര, ട്രെന്റ് ബോൾട്ട്, ടിം സൗത്തി, ലോക്കി ഫെർഗൂസൺ എന്നിവർ ബൗളിംഗ് പരിശീലനവും ചെയ്തു.
മുംബൈയിലെത്തിയതിന് പിന്നാലെ ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്, ബാറ്റിംഗ് കോച്ച് വിക്രം റാത്തൂർ, ബൗളിംഗ് കോച്ച് പരാസ് മാംബ്രെ, ഫീൽഡിംഗ് കോച്ച് ടി. ദിലീപ് എന്നിവർ വാങ്കഡെ സ്റ്റേഡിയത്തിലെത്തി പിച്ച് പരിശോധിച്ചു.
പിച്ച് ബാറ്റിംഗിന് അനുകൂലമാണെന്നാണ് റിപ്പോർട്ട്. ബുധനാഴ്ചയാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോകകപ്പിലെ ആദ്യ സെമി ഫൈനൽ മത്സരം.