ദേവസ്വം ബോർഡ് നോട്ടീസ് വിവാദം; പുരാവസ്തു വകുപ്പ് ഡയറക്ടറെ ചുമതലയില്‍ നിന്ന് നീക്കി
Monday, November 13, 2023 9:43 PM IST
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോർഡിലെ നോട്ടീസ് വിവാദത്തിൽ സാംസ്കാരിക പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ബി. മധുസൂദനന് നായരെ ചുമതലയില്‍ നിന്ന്. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിന്റേതാണ് തീരുമാനം.
നോട്ടീസ് തയാറാക്കിയതില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഡയറക്ടര്‍ക്കെതിരെ നടപടി. ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറായാണ് അദ്ദേഹത്തെ മാറ്റി നിയമിച്ചത്. അതേസമയം, മധുസൂദനന് നായര്‍ 30 ദിവസത്തെ അവധിയില്‍ പ്രവേശിച്ചു.
നവീകരിച്ച ക്ഷേത്രപ്രവേശന വിളംബരസ്മാരക സമർപ്പണവുമായി ബന്ധപ്പെട്ട് തയാറാക്കിയ നോട്ടീസ് വിവാദമായതോടെ വിശദീകരണം തേടുമെന്ന് പ്രസിഡന്റ് കെ. അനന്തഗോപന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
തുടര്‍ന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് നടപടി ഉണ്ടായത്. പുറമെ വിശദീകരണ നോട്ടീസും മധുസൂദനന് നായര്‍ക്ക് നല്‍കും. 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം.
പ്രസിഡന്റ് കെ. അനന്തഗോപന്‍, ബോര്‍ഡ് സെക്രട്ടറി ജി. ബൈജു, അംഗങ്ങളായ എസ്.എസ്. ജീവൻ, സുന്ദരേശൻ, ദേവസ്വം കമീഷണര്‍ വി.എസ്. പ്രകാശ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87ാം വാര്‍ഷികാഘോഷങ്ങള്‍ക്കായി തയാറാക്കിയ നോട്ടീസാണ് വിവാദമായത്. പരിപാടിയിലെ അതിഥികളായ രാജകുടുംബാംഗങ്ങളെ രാജ്ഞിമാര്‍ എന്നും തമ്പുരാട്ടിമാര്‍ എന്നും വിശേഷിപ്പിച്ചായിരുന്നു നോട്ടീസ്.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നോട്ടീസ് പിന്‍വലിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിന് പിന്നാലെയാണ് ഡയറക്ടറെ നീക്കിയത്.