കെ. സുധാകരന് നല്കിയ മാനനഷ്ട കേസ്; എം.വി. ഗോവിന്ദനും ദേശാഭിമാനിക്കും സമന്‍സ്
Monday, November 13, 2023 8:19 PM IST
കൊച്ചി: കെപിസിസി പ്രസിഡന്റ് കെ. സുധാകരന് നല്കിയ അപകീര്‍ത്തി കേസില്‍ എം.വി. ഗോവിന്ദന്, പി.പി. ദിവ്യ, ദേശാഭിമാനി പത്രാധിപര്‍ എന്നിവര്‍ക്ക് സമൻസ്.
എറണാകുളം സിജെഎം കോടതിയാണ് ഇവർക്ക് സമന്‍സ് അയച്ചത്. ജനുവരി 12ന് കോടതിയിൽ നേരിട്ട് ഹാജരായി മറുപടി നല്‍കാനാണ് നിര്‍ദേശം.
മോന്സന് മാവുങ്കലിനെതിരായ പോക്സോ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണത്തിലാണ് കെ. സുധാകരൻ മാനനഷ്ട കേസ് സമര്‍പ്പിച്ചത്. കോടതിയില്‍
ദേശാഭിമാനി പത്രത്തില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് പോക്സോ കേസില്‍ കെ. സുധാകരനെതിരെ എം.വി. ഗോവിന്ദന് പരാമര്‍ശം നടത്തുന്നത്. ഇതു ചോദ്യം ചെയ്താണ് സുധാകരന് അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്.
പോക്സോ കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ സംഭവസ്ഥലത്ത് സുധാകരനുമുണ്ടായിരുന്നുവെന്നാണ് പരാമര്‍ശം. അതിജീവിത പറഞ്ഞുവെന്ന രീതിയിലാണ് ദേശാഭിമാനി ദിനപത്രത്തില്‍ വാര്‍ത്ത വന്നത്. എം.വി. ഗോവിന്ദന് ഇക്കാര്യം ചൂണ്ടിക്കാട്ടി മാധ്യമങ്ങളോടും പ്രസംഗത്തിലും പരാമര്‍ശം നടത്തി. ഇത് വലിയ വിവാദമായിരുന്നു.