സര്‍ക്കാരിന് ആശ്വാസം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ഹര്‍ജി തള്ളി
Monday, November 13, 2023 3:31 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ഹര്‍ജി ലോകായുക്ത ഫുള്‍ ബെഞ്ച് തള്ളി. പണം നല്കാന് മുഖ്യമന്ത്രിക്ക് അധികാരമുണ്ട്. വിഷയത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ക്രമക്കേട് നടത്തിയിട്ടില്ലെന്നും ലോകായുക്ത വ്യക്തമാക്കി.
ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ്, ഉപലോകയുക്തമാരായ ജസ്റ്റീസ് ഹരുണ്‍ അല്‍ റഷീദ്, ജസ്റ്റീസ് ബാബു മാത്യു പി. ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്.
നേരത്തെ, വിധി പറയുന്നതില്‍ നിന്നും ഉപലോകായുക്തമാരായ ജസ്റ്റീസ് ഹാറൂണ്‍ അല്‍ റഷീദിനെയും ബാബു മാത്യു പി. ജോസഫിനെയും ഒഴിവാക്കണമെന്ന പരാതിക്കാരന്റെ ആവശ്യവും ലോകായുക്ത തള്ളി.
കേസില്‍ ആര്.എസ്. ശശികുമാര്‍ ആയിരുന്നു ഹര്‍ജിക്കാന്‍. മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ മന്ത്രിസഭയിലെ 18 മന്ത്രിമാരുമായിരുന്നു എതിര് കക്ഷികള്‍.
അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുംബത്തിന് നല്കിയ സാമ്പത്തിക സഹായം അധികാര ദുര്‍വിനിയോഗം ആണെന്നും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരില്‍ നിന്ന് അനുവദിച്ച പണം തിരിച്ച് പിടിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.
എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്, മുന്‍ എംഎല്‍എ കെ.കെ. രാമചന്ദ്രന് നായര്‍, സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച പോലീസുകാരന് എന്നിവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയും സാമ്പത്തിക സഹായങ്ങളും നല്‍കിയത് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.