നോട്ടീസ് വിവാദം; ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികത്തില്‍ പങ്കെടുക്കില്ലെന്ന് രാജകുടുംബം
Monday, November 13, 2023 11:03 AM IST
തിരുവനന്തപുരം: ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷിക പരിപാടിയില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അംഗങ്ങള്‍ പങ്കെടുക്കില്ല. രാജഭക്തി പ്രകടിപ്പിച്ചുകൊണ്ടുള്ള പരിപാടിയുടെ നോട്ടീസ് വിവാദമായതോടെയാണ് തീരുമാനം.
ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 87-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്താണ് പരിപാടി സംഘടിപ്പിച്ചത്. ഈ പരിപാടിയില്‍ നിന്ന് വിട്ട് നില്‍ക്കുമെന്നാണ് തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളായ ഗൗരീപാര്‍വതീഭായിയും ഗൗരീലക്ഷ്മീഭായിയും അറിയിച്ചത്. കൂടുതല്‍ വിവാദങ്ങള്‍ക്ക് താത്പര്യമില്ലാത്തതിനാലാണ് പിന്മാറുന്നതെന്ന് ഇവര്‍ അറിയിച്ചു.
ബോര്‍ഡിന്റെ സാംസ്കാരിക പുരാവസ്തു വിഭാഗം മേധാവി ബി. മധുസൂദനന് നായര്‍ തയാറാക്കിയ നോട്ടീസിനെതിരേ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. രാജ്ഞിമാരായ പൂയം തിരുനാള്‍ ഗൗരീപാര്‍വതീഭായിയും അശ്വതി തിരുനാള്‍ ഗൗരീലക്ഷ്മീഭായിയും ചടങ്ങില്‍ ഭദ്രദീപം കൊളുത്തും' എന്നാണ് നോട്ടീസിലുണ്ടായിരുന്നത്.
തിരുമനസ്, രാജ്ഞി തുടങ്ങി രാജഭരണത്തില്‍ മാത്രം കേട്ടിട്ടുള്ള ചില പ്രയോഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു നോട്ടീസ്. നോട്ടീസിലെ പദപ്രയോഗങ്ങള്‍ വിവാദമായതോടെ ദേവസ്വം ബോര്‍ഡ് നോട്ടീസ് പിന്‍വലിച്ചിരുന്നു.