മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ഹര്‍ജി; ലോകായുക്ത വിധി ഇന്ന്
Monday, November 13, 2023 8:35 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ഹര്‍ജിയില്‍ ലോകായുക്ത ഫുള്‍ ബെഞ്ച് തിങ്കളാഴ്ച വിധി പറയും. ഉച്ചയ്ക്ക് രണ്ടരയ്ക്കാകും വിധി പറയുക. ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ്, ഉപലോകയുക്തമാരായ ജസ്റ്റീസ് ഹരുണ്‍ അൽ റഷീദ്, ജസ്റ്റീസ് ബാബു മാത്യു പി. ജോസഫ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് വിധി പറയുന്നത്.
ആര്.എസ്. ശശികുമാര്‍ ആണ് ഹര്‍ജിക്കാന്‍. മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ മന്ത്രിസഭയിലെ 18 മന്ത്രിമാരുമാണ് എതിര് കക്ഷികള്‍.
അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുംബത്തിന് നല്കിയ സാമ്പത്തിക സഹായം അധികാര ദുര്‍വിനിയോഗം ആണെന്നും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരില്‍ നിന്ന് അനുവദിച്ച പണം തിരിച്ച് പിടിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്, മുന്‍ എംഎല്‍എ കെ.കെ. രാമചന്ദ്രന് നായര്‍, സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച പോലീസുകാരന് എന്നിവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയും സാമ്പത്തിക സഹായങ്ങളും നല്‍കിയത് ചോദ്യം ചെയ്താണ് ഹര്‍ജി.
2018 സെപ്റ്റംബറില്‍ ഫയല്‍ ചെയ്യപ്പെട്ട ഹര്‍ജിയില്‍ അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. നേരത്തെ, രണ്ടംഗ ബെഞ്ച് കേസ് പരിഗണിച്ചിരുന്നു. മന്ത്രിസഭാ തീരുമാനത്തില്‍ ഓരോ മന്ത്രിമാര്‍ക്കും വ്യക്തിപരമായി ഉത്തരവാദിത്തം ഉണ്ടോയെന്ന നിയമപ്രശ്നത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായതോടെ കേസ് ഫുള്‍ ബെഞ്ചിന് വിടുകയായിരുന്നു.
ലോകായുക്തയുടെ വിധി സര്‍ക്കാരിന് ഏറെ നിര്‍ണായകമാണ്. നേരത്തെ, ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടികുറയ്ക്കുന്ന നിയമഭേദഗതി ബില്ലില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു. എന്നാൽ ബില്ലില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പിട്ടിട്ടില്ല.