ജനങ്ങളെ ഇതുപോലെ പട്ടിണിക്കിട്ട ഒരു സര്‍ക്കാര്‍ മുമ്പ് ഉണ്ടായിട്ടില്ല: രമേശ് ചെന്നിത്തല
Sunday, November 12, 2023 8:47 PM IST
കൊച്ചി: കേരളത്തിലെ നെല്‍ കര്‍ഷകരോട് സര്‍ക്കാര്‍ കാണിക്കുന്ന ക്രൂരതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് കുട്ടനാട്ടിലെ കര്‍ഷകന്റെ ആത്മഹത്യയെന്ന് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങളെ ഇതുപോലെ പട്ടിണിക്കിട്ട ഒരു സര്‍ക്കാര്‍ മുമ്പ് ഉണ്ടായിട്ടില്ല. കേരളം പട്ടിണിയിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
നെല്ല് എടുത്തു കഴിഞ്ഞാല്‍ കര്‍ഷകര്‍ക്ക് സമയത്ത് പണം ലഭിക്കാത്ത സ്ഥിതിയാണ്. പിന്നീട് പിആര്‍എസ് വായ്പയാണ് ലഭിക്കുന്നത്. ഇത് കാരണം മറ്റ് ലോണുകളൊന്നും കര്‍ഷകര്‍ക്ക് എടുക്കാന്‍ കഴിയില്ല. പിആര്‍എസ് വായ്പ പദ്ധതി അവസാനിപ്പിക്കണം. നെല്‍ കര്‍ഷകര്‍ക്ക് കൊടുക്കാനുള്ള പണം അടിയന്തരമായി നല്കാന് മുഖ്യമന്ത്രി ഇടപെടണം.
ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തിന് എല്ലാവിധ സഹായവും ചെയ്യുന്നതിനൊപ്പം സര്‍ക്കാര്‍ അവരുടെ കടം വീട്ടി സംരക്ഷിക്കുകയും കേരളത്തിലെ നെല്‍ കര്‍ഷകര്‍ക്ക് അടിയന്തര സഹായ പാക്കേജ് പ്രഖ്യാപിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.