മഡിഗകള്ക്കായി കമ്മിറ്റി രൂപീകരിക്കുമെന്ന് മോദി; തെലുങ്കാനയില്‍ പോരാട്ടം കടുക്കും
Sunday, November 12, 2023 7:00 AM IST
ഹൈദരാബാദ്: തെലുങ്കാന തെരഞ്ഞെടുപ്പില്‍ നിര്‍ണായ സ്വാധീനം ചെലുത്തുന്ന പട്ടികജാതി വോട്ടുകളെ അനുകൂലമാക്കാന്‍ രംഗത്തിറങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന തെലങ്കാനയില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് മോദി സന്ദര്‍ശനം നടത്തിയത്.
തെലുങ്കാനയിലെ ദളിത് സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന ശക്തമായ ഇടപെടലാണ് മോദി ശനിയാഴ്ച നടത്തിയത്.
ദളിത് സമൂഹത്തെ,പ്രത്യേകിച്ച് സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിന്റെ 60 ശതമാനം വരുന്ന മഡിഗകളുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാനാണ് പ്രധാനമന്ത്രി ഏറെ സമയം ചെലവിട്ടത്.
മഡിഗകളെ ശക്തിപ്പെടുന്നതിനായി കമ്മിറ്റിക്ക് രൂപം കൊടുക്കുമെന്ന് കൂടാതെ പട്ടികജാതിയുടെ ഉപവിഭാഗത്തില്‍ ഇവരെ ഉള്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്നും മോദി പ്രഖ്യാപിച്ചു. മൂന്നു പതിറ്റാണ്ടായി മഡിഗകള്‍ ആവശ്യപ്പെടുന്ന കാര്യമാണിത്.
തെലുങ്കാന നിയമസഭയിലെ 119 സീറ്റുകളില്‍ 20-25 ഫലം നിര്‍ണയിക്കാന്‍ വ്യക്തമായ സ്വാധീനം ഉള്ളവരാണ് മഡിഗകള്‍. 60 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
മഡിഗ റിസര്‍വേഷന്‍ പോരാട്ട സമിതി സെക്കന്ദരാബാദില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് മോദി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
വേദിയിലുണ്ടായിരുന്ന പോരാട്ട സമിതി സ്ഥാപകന്‍ മന്ദ കൃഷ്ണ മഡിഗയെ സാക്ഷിയാക്കിയായിരുന്നു മോദിയുടെ പ്രസംഗം.
തന്റെ ലക്ഷ്യങ്ങളെ മോദി പിന്തുണയ്ക്കുന്നുണ്ടെന്നറിഞ്ഞ് വികാരാധീനനായ മന്ദ കൃഷ്ണ മഡിഗയെ മോദി ആശ്വസിപ്പിക്കുകയായിരുന്നു. പിന്നീട് തന്റെ സംഘടന നരേന്ദ്രമോദിയെയും ബിജെപിയെയും പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.