സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഡ്യറാലി ഇന്ന് കോഴിക്കോട്ട്
Saturday, November 11, 2023 11:11 AM IST
കോഴിക്കോട്: സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഡ്യ റാലി ഇന്ന് കോഴിക്കോട്ട് നടക്കും. സരോവരത്ത് പ്രത്യേകം സജ്ജീകരിച്ച യാസർ അറാഫത്ത് നഗറില്‍ വൈകുന്നേരം നാലിനു നടക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മത സാമുദായിക നേതാക്കൾ, മന്ത്രിമാർ, സാമൂഹിക പ്രവർത്തകർ, എഴുത്തുകാർ എന്നിവർ റാലിയെ അഭിസംബോധന ചെയ്യും.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, സിപിഐ നേതാവ് ബിനോയ് വിശ്വം, സമസ്ത മുശവറ അംഗം മുക്കം ഉമര്‍ ഫൈസി, എപി വിഭാഗം നേതാവ് സി. മുഹമ്മദ് ഫൈസി തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. അരലക്ഷത്തോളം പേർ റാലിയിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചത്.
റാലിയിൽ, കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതിയ പലസ്തീൻ; രാജ്യം അപഹരിക്കപ്പെട്ട ജനത എന്ന പുസ്തകം എം.വി. ഗോവിന്ദൻ പ്രകാശനം ചെയ്യും.
നേരത്തെ, റാലിയിലേക്ക് മുസ്ലീം ലീഗ് നേതാക്കളെ സിപിഎം ക്ഷണിച്ചത് വലിയ രാഷ്ട്രീയചർച്ചകൾക്ക് വഴിവച്ചിരുന്നു. ലീഗുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങൾക്ക് റാലിയിൽ നേതാക്കൾ മറുപടി പറയുമെന്നാണ് സൂചന. ക്ഷണം നിരസിച്ച ലീഗിനെ തള്ളാത്ത സിപിഎം കോൺഗ്രസിൽ നിന്നടക്കം ആളുകളെ റാലിയിൽ പ്രതീക്ഷിക്കുന്നുണ്ട്.
ഈ മാസം 23 ന് കോൺഗ്രസും കോഴിക്കോട്ട് പലസ്തീൻ ഐക്യദാർഡ്യ സദസ് സംഘടിപ്പിക്കുന്നുണ്ട്.