ആദിവാസി വിദ്യാർഥിനിയെ പീഡിപ്പിച്ചു; അധ്യാപകർ അറസ്റ്റിൽ
Saturday, November 11, 2023 12:30 AM IST
ഭുവനേശ്വർ: ഒഡീഷയിലെ സർക്കാർ സ്കൂളിൽ ആദിവാസി വിദ്യാർഥിനിയെ അധ്യാപകർ പീഡിപ്പിച്ചു. നബരംഗ്പൂർ ജില്ലയിലാണ് സംഭവം. 11കാരിയായ കുട്ടിയാണ് പീഡനത്തിന് ഇരയായത്.
സ്കൂളിലെ പ്രധാനാധ്യാപകൻ ഉൾപ്പടെയാണ് കുട്ടിയോട് ക്രൂരത ചെയ്തത്. ആറാം ക്ലാസ് വിദ്യാർഥിനിയായ കുട്ടി ശുചിമുറിയിൽ പോയ സമയം പിന്നാലെയെത്തിയ അധ്യാപകർ ശുചിമുറിയുടെ വാതിൽ ബലമായി തുറന്ന് അകത്ത് പ്രവേശിക്കുകയായിരുന്നു. തുടർന്നാണ് കുട്ടിയെ പീഡിപ്പിച്ചത്.
നവംബർ ഒൻപതിന് വയറിന് താഴെ വേദന അനുഭവപ്പെട്ട പെൺകുട്ടി മാതാപിതാക്കളോട് നടന്ന കാര്യങ്ങൾ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോൾ പീഡനം നടന്നതായി ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു.
കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് അധ്യാപകർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ (പോക്സോ) എന്നീ വകുപ്പുകൾ പ്രകാരവും കേസെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
അതേസമയം, വിഷയം ഗൗരവമായി പരിഗണിച്ച് ഒഡീഷ മനുഷ്യാവകാശ കമ്മീഷൻ (ഒഎച്ച്ആർസി) നബരംഗ്പൂർ ചീഫ് ജില്ലാ മെഡിക്കൽ ഓഫീസറോട് (സിഡിഎംഒ) റിപ്പോർട്ട് തേടി.