അനിശ്ചിതകാല പണിമുടക്ക്: ബസുടമകളെ ചർച്ചയ്ക്കു വിളിച്ച് ഗതാഗതമന്ത്രി
Friday, November 10, 2023 2:35 PM IST
തിരുവനന്തപുരം: ഈമാസം 21 മുതൽ സ്വകാര്യബസുകൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ ബസുടമകളെ ചർച്ചയ്ക്ക് വിളിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. ഈ മാസം 14ന് എറണാകുളം ഗസ്റ്റ് ഹൗസിലാണ് ചർച്ച നടക്കുക.
തങ്ങളുടെ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടുപോകില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ബസുടമകൾ. ചർച്ചയിൽ ശുഭപ്രതീക്ഷയുണ്ടെന്നും, സ്വകാര്യ ബസ് വ്യവസായവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.
വിദ്യാർഥികളുടെ കൺസഷൻ ചാർജ് വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും കാമറയും അടിച്ചേൽപ്പിച്ചത് ഒഴിവാക്കുക, ദൂരപരിധി നോക്കാതെ പെർമിറ്റുകൾ പുതുക്കി നൽകുക, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ഓർഡിനറി ആക്കിയ മാറ്റിയ നടപടി തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസുടമകൾ സമരത്തിന് ആഹ്വാനം നൽകിയിട്ടുള്ളത്. കഴിഞ്ഞ മാസം 31ന് ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസ് ഉടമകൾ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.
സ്വകാര്യ ബസ് സമരത്തിനെതിരെ മന്ത്രി ആന്റണി രാജു നേരത്തെ രംഗത്തുവന്നിരുന്നു. സമരം അനാവശ്യമാണെന്നും സമ്മർദ്ദങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.