വിഴിഞ്ഞത്ത് നങ്കൂരമിടാൻ രണ്ടാമത്തെ കപ്പൽ; ഷെൻഹുവ 29 ഇന്നെത്തും
Friday, November 10, 2023 10:28 AM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പൽ ഷെൻഹുവ 29ന്റെ ബർത്തിംഗ് ഇന്ന് നടക്കും. രാവിലെ പത്തോടെ കപ്പൽ തുറമുഖത്തെത്തും. വ്യാഴാഴ്ച തന്നെ കപ്പൽ ഇന്ത്യൻ തീരത്തെത്തിയെങ്കിലും കാലാവസ്ഥ പ്രതികൂലമായത് യാത്രയെ ബാധിച്ചു.
ഒരു ഷിപ്പ് ടു ഷോർ ക്രെയിനും മൂന്ന് യാർഡ് ക്രെയിനുകളുമാണ് കപ്പലിലുള്ളത്. ഇതിൽ ഷിപ്പ് ടു ഷോർ ക്രെയിൻ മാത്രമാണ് വിഴിഞ്ഞം തുറമുഖത്തേക്കുള്ളത്. മറ്റു ക്രെയിനുകൾ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കുള്ളതാണ്. അതേസമയം, ആദ്യകപ്പലായ ഷെൻഹുവ 15ന് നല്കിയ സ്വീകരണം ഇന്നെത്തുന്ന കപ്പലിനുണ്ടാകില്ല.
ഒക്ടോബർ 24നാണ് കപ്പൽ ചൈനയിലെ ഷാംഗ്ഹായിൽ നിന്ന് യാത്ര ആരംഭിച്ചത്. ആദ്യ ചരക്കുകപ്പൽ സെപ്റ്റംബർ ഒന്നിനു പുറപ്പെട്ട് ഒക്ടോബർ 15ന് തീരമണഞ്ഞിരുന്നു. രണ്ട് യാർഡ് ക്രെയിനുകളും ഒരു ഷോർ ക്രെയിനുമായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ശേഷം ഒക്ടോബർ 26 നാണ് കപ്പല്‍ തീരം വിട്ടത്.
തുടർന്നുള്ള കപ്പലുകൾ 25നും, ഡിസംബര്‍ 15നുമായി തീരത്ത് എത്തും. ഇതിലൂടെ തുറമുഖത്തേക്ക് ആവശ്യമുള്ള എട്ട് കൂറ്റന്‍ ക്രെയിനുകളും 24 യാര്‍ഡ് ക്രെയിനുകളുമാണ് തീരത്ത് എത്തിച്ചേരുക. ഫെബ്രുവരിക്ക് മുമ്പായി എട്ടു കപ്പലുകളാണ് നിർമാണ സാമഗ്രികളുമായി വിഴിഞ്ഞത്തേക്ക് എത്തുക. 2024 മേയ് മാസത്തില്‍തന്നെ പോര്‍ട്ട് കമ്മീഷന് ചെയ്യും. ഇതിനായുള്ള നിർമാണപ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.