ഇന്ത്യക്കാരെ ഖത്തറിൽ വധശിക്ഷയ്ക്ക് വിധിച്ച സംഭവം; അപ്പീൽ നൽകി ഇന്ത്യ
Thursday, November 9, 2023 6:57 PM IST
ന്യൂഡൽഹി: മലയാളി ഉൾപ്പടെ എട്ട് ഇന്ത്യൻ മുൻ നാവികർക്ക് ഖത്തർ കോടതി വധശിക്ഷ വിധിച്ച സംഭവത്തിൽ അപ്പീൽ നൽകി ഇന്ത്യ. വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. ഖത്തർ കോടതിയുടെ വിധിപ്പകർപ്പ് ഇന്ത്യയ്ക്ക് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
മുൻ ഇന്ത്യൻ നാവികസേനാംഗങ്ങളായ എട്ടുപേരെയും ചാരവൃത്തി നടത്തിയെന്നാരോപിച്ചായിരുന്നു വധശിക്ഷയ്ക്കു വിധിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 30ന് അർധരാത്രിയിലാണു ഖത്തർ സുരക്ഷാസേന എട്ടുപേരെ അറസ്റ്റ് ചെയ്തത്.
ക്യാപ്റ്റൻ നവ്തേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബിരേന്ദ്രകുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് അറസ്റ്റിലുള്ളത്.
നാവികസേനയിൽനിന്ന് വിരമിച്ചശേഷം ഖത്തറിലെ സ്വകാര്യകമ്പനിയായ അൽ ദഹ്റയിൽ ജോലിചെയ്യുകയായിരുന്നു ഇവർ.