ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി; സൈബി ജോസിനെതിരേ തെളിവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
Thursday, November 9, 2023 8:55 AM IST
കൊച്ചി: ഹൈക്കോടതി ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അഡ്വ. സൈബി ജോസിനെതിരേ തെളിവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്കി അനുകൂല വിധി വാങ്ങി നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് കക്ഷികളില്‍ നിന്ന് പണം വാങ്ങിയെന്നായിരുന്നു കേസ്. മൂന്ന് ജഡ്ജിമാരുടെ പേരില്‍ 75 ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു പരാതി.
ചില അഭിഭാഷകര്‍ നല്കിയ പരാതിയില്‍ ഹൈക്കോടതി വിജിലന്‍സ് ഡയറക്ടര്‍ ആദ്യം അന്വേഷണം നടത്തി. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് സമര്‍പ്പിച്ചിരുന്നു. പിന്നീട് ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് പോലീസ് അന്വേഷണം നടത്തിയത്.
പരാതിയില്‍ പറയുന്ന കക്ഷികളുടെയെല്ലാം മൊഴിയുൾപ്പെടെ ശേഖരിച്ച് വിശദമായ അന്വേഷണം നടത്തിയെങ്കിലും സൈബി ജോസിനെതിരേ തെളിവ് ലഭിച്ചില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.