ബ്രസീലിയ: എട്ടുകാലിയുടെ കടിയേറ്റ് ബ്രസീലിയൻ ഗായകന് ദാരുണാന്ത്യം. യുവ ഗായകനായ ഡാർലിൻ മൊറൈസാണ് (28) മരിച്ചത്. മുഖത്ത് എട്ടുകാലിയുടെ കടിയേറ്റ മൊറൈസിന് കടുത്ത തളർച്ച അനുഭവപ്പെടുകയും കടിയേറ്റ ഭാഗം കടും നീലനിറമാകുകയും ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.

എട്ടുകാലിയുടെ കടി മൂലം അലര്‍ജിയായതാണെന്ന് കരുതി വൈകാതെ തന്നെ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന് മൊറൈസിന്‍റെ ഭാര്യ ജൂലിയെനി ലിസ്ബോവ വ്യക്തമാക്കിയിരുന്നു. പ്രാഥമിക ചികിത്സകളെല്ലാം നൽകി അന്ന് തന്നെ മൊറൈസിനെ ഡിസ്ചാർജ് ചെയ്തു.

എന്നാൽ ഞായറാഴ്ചയായിട്ടും മുഖത്തെ പാടിനും തളർച്ചയ്ക്കും മാറ്റമില്ലാതായതോടെ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ തിങ്കളാഴ്ച മരണം സംഭവിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മൊറൈസിന്‍റെ ദത്തുപുത്രിയായ പതിനഞ്ചുകാരിയെയും ഇതേ എട്ടുകാലി കടിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളിലുണ്ട്. കുട്ടിയുടെ കാലിലാണ് എട്ടുകാലി കടിച്ചതെന്നും ആരോഗ്യനില സുരക്ഷിതമാണെന്നും റിപ്പോർട്ട് വന്നിരുന്നു. ഏത് ഇനത്തിൽപെട്ട എട്ടുകാലിയാണ് ഇതെന്ന് സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.

തന്‍റെ പതിനഞ്ചാം വയസില്‍ കരിയര്‍ തുടങ്ങിയ മൊറൈസ് സുഹൃത്തിനും സഹോദരനുമൊപ്പമുള്ളൊരു ബാൻഡിലെ അംഗം കൂടിയാണ്. ഇവർ ചേർന്ന് ഒട്ടേറെ വേദികളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.