വിദ്വേഷ പ്രസംഗം; കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ
Wednesday, November 8, 2023 9:29 PM IST
ഗോഹട്ടി: ആസാമിൽ മതവികാരം വ്രണപ്പെടുത്തുന്ന വിധം പ്രസംഗിച്ച കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ. എംഎൽഎ അഫ്താബുദ്ദീൻ മൊല്ലയാണ് അറസ്റ്റിലായത്. ഗോൾപാറ ജില്ലയിൽ ഒരു പൊതുയോഗത്തിനിടെയാണ് അഫ്താബുദ്ദീൻ മൊല്ല വിവാദ പ്രസംഗം നടത്തിയത്.
പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും വൻ പ്രതിഷേധം സൃഷ്ടിക്കുകയും ചെയ്തിരുന്നു. തുടർന്ന് എംഎൽഎയ്ക്കെതിരെ വ്യാപകമായി പരാതി ഉയരുകയുമായിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെ എംഎൽഎ മാപ്പ് പറഞ്ഞു. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറ അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസും നൽകി.
ഇതിനു പിന്നാലെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് എംഎൽഎയ്ക്കെതിരെ കേസെടുത്തു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.