കോൺഗ്രസ് അധ്യക്ഷനെ നിയന്ത്രിക്കുന്നത് റിമോട്ട്, പരിഹസിച്ച് മോദി
Wednesday, November 8, 2023 3:00 PM IST
ഭോപ്പാൽ: കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് പാർട്ടിയെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരായിരിക്കണമെന്ന് മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മോദി പറഞ്ഞു.
കോൺഗ്രസ് പാർട്ടിയെ കുറിച്ച് ബോധവാന്മാരാകേണ്ട സമയമാണിത്. പാവപ്പെട്ടവന്റെ പണം തട്ടിയെടുക്കുന്നതും അഴിമതികളിൽ മുഴുകുന്നതും കസേരയ്ക്കുവേണ്ടി സമൂഹത്തെ ഭിന്നിപ്പിക്കുന്നതും ആ പാർട്ടിയാണ്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഒരു സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനം പ്രധാനമല്ല.
കോൺഗ്രസ് അധ്യക്ഷനെ നിയന്ത്രിക്കുന്നത് ഒരു റിമോട്ട് ആണ്. അയാൾക്ക് അധികമൊന്നും ചെയ്യാൻ കഴിയില്ല. റിമോട്ട് പ്രവർത്തിക്കുന്പോൾ സനാതന ധർമ്മത്തെ അപമാനിക്കും.
ഇന്നലെ റിമോട്ട് പ്രവർത്തിക്കാതെ വന്നപ്പോൾ പാണ്ഡവരെക്കുറിച്ച് പറഞ്ഞു. ബിജെപിയിൽ അഞ്ച് പാണ്ഡവരാണുള്ളത്. പാണ്ഡവർ പടുത്തുയർത്തിയ പാതയിലൂടെ സഞ്ചരിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഗ്വാളിയറിൽ നടന്ന റാലിയിലായിരുന്നു ഖാർഗെ ‘പഞ്ചപാണ്ഡവ’ പരാമർശം നടത്തിയത്. ഇഡി, സിബിഐ, ആദായനികുതി, പ്രധാനമന്ത്രി നരേന്ദ്ര മോദി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവർ ബിജെപിയുടെ പഞ്ചപാണ്ഡവരാണ് എന്നായിരുന്നു ഖാർഗെയുടെ പരാമർശം. ഇതിനായിരുന്നു മോദിയുടെ മറുപടി.