മണിപ്പുര്‍ കലുഷിതം; വെടിവയ്പിൽ ഏഴ് പേര്‍ക്ക് പരിക്ക്
വെബ് ഡെസ്ക്
Wednesday, November 8, 2023 7:50 AM IST
ഇംഫാല്‍: മണിപ്പുരില്‍ സംഘര്‍ഷത്തിന് പിന്നാലെയുണ്ടായ വെടിവയ്പിൽ ഏഴ് പേര്‍ക്ക് പരിക്കേറ്റു. സൈനികന്റെ മാതാവടക്കം നാലു പേരെ കലാപകാരികള്‍ തട്ടിക്കൊണ്ട് പോയതിനു പിന്നാലെയാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്.
ഇവരെ കണ്ടേത്താന്‍ വേണ്ട നടപടികള്‍ ഉടന്‍ എടുക്കണമെന്ന് കരസേന ആവശ്യപ്പെട്ടിട്ടുണ്ട്. മണിപ്പുരിലെ പല പ്രദേശങ്ങളിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ചൊവ്വാഴ്ച രാജ്ഭവന് അടുത്തുള്ള ഐആര്‍ബി ക്യാമ്പിലേക്ക് ആള്‍ക്കൂട്ടം ഇരച്ച് കയറുകയും ആയുധങ്ങള്‍ കൊള്ളയടിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
ജനക്കൂട്ടത്തിന് നേരെ പോലീസ് വെടിവച്ചതിന് പിന്നാലെ മൂന്നു പേര്‍ക്ക് പരിക്കേറ്റിരുന്നു. സ്ഥിതി വളഷാകുന്ന സാഹചര്യം ഉടലെടുത്തതോടെ ഇംഫാലില്‍ വീണ്ടും കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
സംഘര്‍ഷത്തിനിടെ മണിപ്പുരിലെ മൊറേയില്‍ ചിംഗ് തം ആനന്ദ് എന്ന പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റ് മരിച്ചിരുന്നു. കുക്കി സായുധ സംഘമാണ് കൊലയ്ക്ക് പിന്നിലെന്നും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. മോറെ സബ് ഡിവിഷണല്‍ പോലീസ് ഓഫീസറാണ് ചിംഗ്.