തമിഴ്നാട്ടിൽ എടിഎം കവർച്ചാ ശ്രമം; കൊല്ലം സ്വദേശി പിടിയിൽ
Tuesday, November 7, 2023 10:51 PM IST
കൊല്ലം: തമിഴ്നാട്ടിൽ എടിഎം തകർത്ത് കവർച്ച നടത്താൻ ശ്രമിച്ച കൊല്ലം സ്വദേശി പിടിയിൽ. അഞ്ചൽ കോട്ടുക്കൽ നെടുപുറം കൃഷ്ണവിലാസത്തിൽ രാജേഷാണ് (40) ആണ് പോലീസിന്റെ പിടിയിലായത്.
ഇയാളെ കടക്കൽ പോലീസ് പിടികൂടി തമിഴ്നാട് പോലീസിനു കൈമാറി. തെങ്കാശിയിൽ തിങ്കളാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം.
തെങ്കാശിയിലെ ആളൊഴിഞ്ഞ ഭാഗത്തെ എടിഎമ്മിൽ കയറിയ പ്രതി മോഷണശ്രമം നടത്തുകയായിരുന്നു. എടിഎം മിഷൻ തള്ളിയിടുകയും ചെയ്തു. എന്നാൽ പണം ലഭിച്ചില്ല.
തെങ്കാശി പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം നടത്തുകയും പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടർന്ന് കടക്കൽ പോലീസിനു പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുകയുമായിരുന്നു.
തുടർന്ന് കടക്കൽ പോലീസ് കോട്ടുക്കലിൽ നിന്നും രാജേഷിനെ പിടികൂടി തെങ്കാശി പോലീസിന് കൈമാറി. മദ്യ ലഹരിയിലായിരുന്നു രാജേഷ് എടിഎം തകർത്തതെന്നാണ് പ്രാഥമിക വിവരം.