ഗ്രനേഡ് പൊട്ടിത്തെറിച്ച് യുക്രൈൻ കരസേനാ മേധാവിയുടെ ഉപദേശകൻ കൊല്ലപ്പെട്ടു
Tuesday, November 7, 2023 5:06 PM IST
കീവ്: പിറന്നാൾ സമ്മാനങ്ങൾക്കിടെയിൽ ഒളിപ്പിച്ച ഗ്രനേഡ് പൊട്ടിത്തെറിച്ച് യുക്രൈയ്ൻ സൈന്യത്തിന്റെ കമാൻഡർ ഇൻ ചീഫിന്റെ ഉപദേശകൻ കൊല്ലപ്പെട്ടു. മേജർ ഹെന്നാദി ചാസ്ത്യകോവ് (39) ആണ് കൊല്ലപ്പെട്ടത്.
സഹപ്രവർത്തകർ നൽകിയ സമ്മാനങ്ങളുമായി താമസിക്കുന്ന ഫ്ലാറ്റിലെത്തി മകനോടൊപ്പം അവ തുറന്നുനോക്കുന്നതിനിടെയാണ് സംഭവം.
ചാസ്ത്യകോവിന്റെ മകനാണ് ഗ്രനേഡ് കൈയിലെടുത്തത്. തുടർന്ന് അതിലെ റിംഗ് വലിച്ചൂരി. ഇത് ശ്രദ്ധയിൽപ്പെട്ട ചാസ്ത്യകോവ് ഉടൻതന്നെ കുട്ടിയുടെ കൈയിൽ നിന്നും ഗ്രനേഡ് പിടിച്ചു വാങ്ങി. ഈ സമയം സ്ഫോടനമുണ്ടാവുകയായിരുന്നുവെന്ന് യുക്രെയ്ൻ ആഭ്യന്തര മന്ത്രി ഇഗോർ ക്ലൈമെൻകോ പറഞ്ഞു.
ചാസ്ത്യകോവിന്റെ 13 വയസുള്ള മകനും സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റു. യുക്രേനിയൻ സൈന്യത്തിന്റെ കമാൻഡർ-ഇൻ-ചീഫ് ജനറൽ വലേരി സലുഷ്നിയാണ് മരണവാർത്ത സ്ഥിരീകരിച്ചത്.
ചാസ്ത്യകോവിന് സമ്മാനം നൽകിയ ഒരു സഹ സൈനികനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.