കെഎസ്യു വനിതാ പ്രവര്‍ത്തകരെ പുരുഷ പോലീസ് കൈയേറ്റം ചെയ്തു; ആരോപണവുമായി നെസിയ
Tuesday, November 7, 2023 10:26 AM IST
തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന പ്രതിഷേധനത്തിനിടെ വനിതാ പ്രവര്‍ത്തകരെ പുരുഷ പോലീസ് കൈയേറ്റം ചെയ്തെന്ന് കെഎസ്യു സംസ്ഥാന നിര്‍വാഹക സമിതി അംഗം നെസിയ മുണ്ടപ്പള്ളി. ഇത് ചോദ്യം ചെയ്തപ്പോളാണ് തന്റെ മുഖത്തടിച്ചതെന്നും പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിലുള്ള നെസിയ ആരോപിച്ചു.
പ്രവര്‍ത്തകരെ തിരഞ്ഞ് പിടിച്ച് പൊലീസ് മര്‍ദ്ദിച്ചു. തന്റെ മുഖത്തും, മൂക്കിനും പരിക്കേറ്റു. ആശുപത്രിയില്‍ എത്തിച്ചിട്ടും മണിക്കൂറുകള്‍ കഴിഞ്ഞാണ് തനിക്ക് ചികിത്സ കിട്ടിയത്.
പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണം. ഇതിനായി മനുഷ്യാവകാശ കമ്മീഷനെ അടക്കം സമീപിക്കുമെന്നും നസിയ പറഞ്ഞു.
കേരളവര്‍മ കോളജിലെ യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മന്ത്രി ആര്.ബിന്ദുവിന്റെ വസതിയിലേക്ക് കെഎസ്യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്.
പ്രതിഷേധത്തിനിടെ പോലീസ് വനിതാ പ്രവര്‍ത്തകയുടെ മൂക്കിന് ലാത്തികൊണ്ട് അടിക്കുകയും മറ്റ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും പോലീസ് തയാറായില്ലെന്നും പ്രകോപനമൊന്നും കൂടാതെ പോലീസ് വ്യാപകമായി പ്രതിഷേധക്കാരെ മര്‍ദ്ദിച്ചുവെന്നും കെഎസ്യു നേതാക്കള്‍ ആരോപിച്ചിരുന്നു.