കോടികളുടെ ഇടപാടിനെക്കുറിച്ച് സംസാരിച്ച് കേന്ദ്രമന്ത്രിയുടെ മകൻ; വീഡിയോ വിവാദത്തിൽ
Tuesday, November 7, 2023 1:36 AM IST
ഭോപ്പാല്‍: കേന്ദ്ര കൃഷിമന്ത്രിയും ബിജെപി നേതാവുമായ നരേന്ദ്ര സിംഗ് തോമറിന്റെ മകൻ ദേവേന്ദ്ര സിംഗ് തോമര്‍ കോടികളുടെ ഇടപാടിനെ കുറിച്ച് സംസാരിക്കുന്ന വീഡിയോ പുറത്ത്.
മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ചൊവ്വാഴ്ച നടക്കാനിരിക്കെയാണ് വീഡിയോ പുറത്തുവന്നത്. തിരഞ്ഞെടുപ്പില്‍ ദിമനി മണ്ഡലത്തിൽ നിന്ന് നരേന്ദ്ര തോമർ മത്സരിക്കാനിരിക്കെ കോണ്‍ഗ്രസ് ഇതിനകം വീഡിയോ രാഷ്ട്രീയ ആയുധമാക്കിയിട്ടുണ്ട്.
ദേവേന്ദ്ര തോമര്‍ വീഡിയോ കോളില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദേവേന്ദ്ര തോമറിന്റെ ഏജന്റുമായുള്ള വീഡിയോ കോളാണ് ഇതെന്നാണ് കരുതപ്പെടുന്നത്.
രാജസ്ഥാനിലെയും മൊഹാലിയിലെയും ഖനി, ഭൂമി വ്യവസായികളില്‍നിന്ന് കോടിക്കണക്കിന് രൂപ വാങ്ങുന്നതിനെ കുറിച്ചാണ് സംസാരം.
'അവര്‍ നൂറ് കോടി രൂപ തരും, അക്കൗണ്ട് തയ്യാറാക്കി വയ്ക്കൂ' എന്ന് ദേവേന്ദ്ര തോമര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
'പ്രിയ ഇഡി, സിബിഐ, ഇന്‍കം ടാക്സ്, ഈ വീഡിയോ വൈറലായിരിക്കുകയാണ്. കേന്ദ്രമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത സുഹൃത്തുമായ നരേന്ദ്ര സിംഗ് തോമറിന്റെ മകന് ദേവേന്ദ്ര തോമര്‍ ഇതില്‍ കോടിക്കണക്കിന് രൂപയുടെ ഇടപാടിനെ കുറിച്ച് ചര്ച്ചചെയ്യുന്നതായി തോന്നുന്നു. ദയവായി ഇതിന്റെ ആധികാരികത പരിശോധിക്കൂ', വീഡിയോ പങ്കുവെച്ചുകൊണ്ട് മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ കമല്‍നാഥിന്റെ മാധ്യമ ഉപദേഷ്ടാവ് പിയൂഷ് ബാബേല്‍ എക്സില്‍ കുറിച്ചു.
വീഡിയോ പുറത്തു വന്നതോടെ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി.
നൂറുകണക്കിന് കോടി രൂപയുടെ ഇടപാട് ഒരാള്‍ നടത്തുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേത് ചോദിച്ചു.
വീഡിയോയിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ തോമർ കേന്ദ്രമന്ത്രി പദം ഒഴിയണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ആവശ്യപ്പെട്ടു. വീഡിയോ തെറ്റാണെങ്കില്‍ നിയമനടപടി സ്വീകരിക്കാനും അദ്ദേഹം തോമറിനെ വെല്ലുവിളിച്ചു.
അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയ ദേവേന്ദ്ര തോമർ വീഡിയോ വ്യാജമാണെന്ന് പറഞ്ഞു.
ഇതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച ദേവേന്ദ്ര തോമർ ഇത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി.