സീസണിലെ പതിനേഴാം വിജയവുമായി വെര്സ്റ്റാപ്പന്
Monday, November 6, 2023 4:06 AM IST
സാവോപോളോ: ഫോര്‍മുലാ വണ്ണില്‍ സീസണിലെ 17-ാം വിജയവുമായി കുതിപ്പ് തുടര്‍ന്ന് റെഡ്ബുള്‍ താരം മാക്സ് വെര്സ്റ്റാപ്പന്. ഒരു സീസണില്‍ ഏറ്റവുമധികം വിജയം നേടുന്നതിന്റെ റിക്കാര്‍ഡ് നേരത്തെ തന്നെ സ്വന്തമാക്കിയ ഡച്ച് താരം തന്റെ വിജയക്കുതിപ്പ് സാവോപോളോ ഗ്രാന്‍പ്രീയിലും തുടരുകയായിരുന്നു.
മക്ലാറന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ ലാന്‍ഡോ നോറിസ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ മുന്‍ ലോകചാമ്പ്യനും ആസ്റ്റണ്‍ മാര്‍ട്ടിന്റെ ഡ്രൈവറുമായ ഫെര്‍ണാണ്ടോ അലോണ്‍സോ മൂന്നാമതായി.
അതേ സമയം ഏഴു വട്ടം ലോകചാമ്പ്യനായ മെഴ്സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്ട്ടണ് എട്ടാമനായാണ് മത്സരം പൂര്‍ത്തിയാക്കിയത്.
സീസണില്‍ 20 ഗ്രാന്‍പ്രീകള്‍ പിന്നിടുമ്പോള്‍ 524 പോയിന്റുമായി ബഹുദൂരം മുമ്പിലാണ് വെര്സ്റ്റാപ്പന്. രണ്ടാം സ്ഥാനത്തുള്ള സഹതാരം സെര്‍ജിയോ പെരസിനാകട്ടെ 258 പോയിന്റാണുള്ളത്. 226 പോയന്റുമായി ലൂയിസ് ഹാമില്‍ട്ടനാണ് മൂന്നാമത്.
സീസണില്‍ പൂര്‍ത്തിയായ 20 ഗ്രാന്‍പ്രീകളില്‍ 19 എണ്ണത്തിലും റെഡ്ബുള്‍ ഡ്രൈവര്‍മാരാണ് വിജയിച്ചത്. വെര്സ്റ്റാപ്പന് 17 എണ്ണത്തില്‍ വിജയം കണ്ടപ്പോള്‍ സെര്‍ജിയോ പെരസ് രണ്ടു ഗ്രാന്‍പ്രീകളില്‍ ചാമ്പ്യനായി. സിംഗപ്പൂര്‍ ഗ്രാന്‍പ്രീയില്‍ ചാമ്പ്യനായ ഫെരാരിയുടെ സ്പാനിഷ് താരം കാര്‍ലോസ് സെയിന്‍സ് ജൂണിയര്‍ മാത്രമാണ് ഇതിനൊരപവാദം. വെര്സ്റ്റാപ്പന് പോഡിയം കാണാത്ത ഏക മത്സരവും ഇതായിരുന്നു. ലാഗ് വേഗാസ് ഗ്രാൻപ്രീയും അബുദാബി ഗ്രാൻപ്രീയുമാണ് ഇനി അവശേഷിക്കുന്നത്.
നിര്‍മാതാക്കളുടെ വിഭാഗത്തില്‍ റെഡ്ബുള്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി നേരത്തെ തന്നെ കിരീടം ഉറപ്പിച്ചിരുന്നു. റെഡ്ബുള്ളിന് 782 പോയിന്റുള്ളപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മേഴ്സിഡസിനാവട്ടെ 382 പോയിന്റ് മാത്രമാണുള്ളത്.